തിരുവനന്തപുരം: മുറാസു ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെലങ്കാനയിലെ സെക്കന്തരാബാദില്‍ കുടുങ്ങിയ, ഇടുക്കി സേനാപതി മാര്‍ ബേസില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന 91 അംഗ സംഘം നാളെ (നവംബര്‍ 04-ന്) പുലര്‍ച്ചെ നാട്ടിലേക്ക് തിരിക്കും. സെക്കന്തരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുലര്‍ച്ചെ 5 മണിക്ക് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിനിലാണിവര്‍ മടങ്ങുക.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 31-നാണ് സംഘം പഠനയാത്രയ്ക്കായി ട്രെയിന്‍ മാര്‍ഗം സെക്കന്തരാബാദിലേക്ക് പോയത്. യാത്ര പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് 2.30-നുള്ള ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങാനിരുന്നതായിരുന്നു. താമസിച്ചിരുന്ന മുറികള്‍ വെക്കേറ്റ് ചെയ്ത് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് മുറാസു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ റദ്ദാക്കിയെന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് സംഘം മുഖ്യമന്ത്രിയുടെ ഓഫീസുമായും ഉടുമ്പന്‍ചോല എം.എല്‍.എ. അഡ്വ. സേനാപതി വേണുവുമായും ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം പഠനയാത്രാ സംഘത്തിന്റെ മടക്കയാത്രയും അതുവരെയുള്ള താമസസൗകര്യവും നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാക്കാന്‍ ഉത്തരവിട്ടു. ബംഗളൂരു, ചെന്നൈ എന്‍.ആര്‍.കെ. ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ തെലങ്കാനയിലെ മലയാളി അസോസിയേഷനുകളുമായി ചേര്‍ന്ന് സംഘത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി.
പിന്നീട് സെക്കന്തരാബാദിലെ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ഡിവിഷണല്‍ റീജ്യണല്‍ മാനേജര്‍ ആര്‍. ഗോപാലകൃഷ്ണന്‍, ജോയിന്റ് ജനറല്‍ മാനേജര്‍ സതീഷ് കുമാര്‍, കൊമേഴ്സ്യല്‍ ഇന്‍സ്‌പെക്ടര്‍ സയ്യിദ് അമറുദ്ദീന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് മടങ്ങാനാവശ്യമായ റിസര്‍വേഷന്‍ ലഭ്യമാക്കിയത്. മലയാളി സംഘടനകളുടെ പിന്തുണയോടെ നോര്‍ക്ക റൂട്ട്‌സ് സംഘത്തിന് താമസസൗകര്യവും ഉറപ്പാക്കി.
Related News