ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലെ ഇറാനിയന്‍ ദ്വീപായ ഖെഷ്മില്‍ അമേരിക്കന്‍ വ്യോമാക്രമണം ഉണ്ടായതിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ ജനങ്ങള്‍ ഭരണമാറ്റമോ ജനവിധിയോ തീരുമാനിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് ഈ സുപ്രധാന പ്രസ്താവന എത്തിയിരിക്കുന്നത്.
യുഎസുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇറാന്റെ പ്രധാന പ്രതിനിധിയായ മുഹമ്മദ് ബാഗര്‍ ഘാലിബാഫ്, ഏതൊരു ഘട്ടത്തിലും പോരാട്ടത്തിന് തങ്ങള്‍ സജ്ജമാണെന്നും 'വിരല്‍ തോക്കിന്റെ ട്രിഗറിലുണ്ടെന്നുമാണ്' പ്രതികരിച്ചത്. ആത്മരോധത്തിന് ഇറാന് പൂര്‍ണ അവകാശമുണ്ടെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദിയും വ്യക്തമാക്കി.
എന്നാല്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. മുമ്പ് 'വിലക്കപ്പെട്ടിരുന്ന' വിഷയങ്ങളില്‍ പോലും അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ഇറാന്റെ പരമോന്നത നേതാവ് സര്‍ക്കാരിന് പുതിയ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളാണ് ഖെഷ്ം ദ്വീപിലെ ആക്രമണ വാര്‍ത്ത പുറത്തുവിട്ടത്. പ്രദേശത്ത് അഞ്ച് ശക്തമായ സ്‌ഫോടനങ്ങള്‍ നടക്കുകയും പോര്‍വിമാനങ്ങള്‍ ആകാശത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സംഭവത്തില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രായേല്‍ സൈന്യവും വ്യക്തമാക്കി.
അതേസമയം, പ്രശ്‌നപരിഹാരത്തിനായി ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. അമേരിക്ക ആവശ്യമായ നിബന്ധനകള്‍ അംഗീകരിക്കുകയാണെങ്കില്‍, ലോകത്തെ പ്രധാന എണ്ണ-വാതക ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്ക് രണ്ടുദിവസത്തിനകം വീണ്ടും തുറന്നുകൊടുക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ ഭീഷണി തുടരുമ്പോഴും, സമവായ ചര്‍ച്ചകളെക്കുറിച്ചുള്ള ശുഭപ്രതീക്ഷയിലാണ് വിദേശകാര്യ കേന്ദ്രങ്ങള്‍.
Related News