അബുദാബി: യു.എ.ഇ പതാക ദിനാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചരിത്രപ്രസിദ്ധമായ ഖസ്ര്‍ അല്‍ ഹുസ്‌നില്‍ ദേശീയ പതാക ഉയര്‍ത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ നടന്ന ചടങ്ങില്‍ രാജ്യത്തിന്റെ വികസനത്തിന് വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കിയ 55 പ്രതിഭകള്‍ പങ്കെടുത്തു. യു.എ.ഇ രൂപീകരണത്തിന്റെ 55 വര്‍ഷങ്ങളെ പ്രതിനിധീകരിച്ചാണ് 55 പ്രമുഖ വ്യക്തികളെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദും മറ്റ് ഭരണാധികാരികളും ചേര്‍ന്ന് തുടക്കമിട്ട യാത്രയെ സ്മരിക്കുകയും, രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുന്ന ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തില്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും എക്‌സില്‍ പങ്കുവെച്ച സന്ദേശത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് കുറിച്ചു. രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തും ശക്തിയും ജനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിന് ശേഷം അദ്ദേഹം പങ്കെടുത്തവരുമായി ഗ്രൂപ്പ് ഫോട്ടോകളും എടുത്തു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പതാക ദിനത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്നു. കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നതായും യു.എ.ഇയുടെ പതാക എപ്പോഴും ഉയര്‍ന്നുതന്നെ പറക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പതാക ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് രാജ്യത്തുടനീളമുള്ള പൗരന്മാരും പ്രവാസികളും പതാക ഉയര്‍ത്തി ആഘോഷത്തില്‍ പങ്കാളികളായി.
2013-ല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നവംബര്‍ 3 പതാക ദിനമായി ആചരിക്കാന്‍ തുടക്കമിട്ടത്. 2004 നവംബര്‍ 3-ന് മുന്‍ പ്രസിഡന്റ് അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അധികാരമേറ്റെടുത്തതിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ദിനം.