അല്‍-ഉല: പ്രകൃതി സൗന്ദര്യവും സമ്പന്നമായ സാംസ്‌കാരിക പൈതൃകവും നേരിട്ടറിയാന്‍ സഞ്ചാരികളെ ക്ഷണിച്ചുകൊണ്ട് നവംബര്‍ 6 മുതല്‍ 15 വരെ അല്‍-ഉലയില്‍ വൈവിധ്യമാര്‍ന്ന വിനോദ-സാഹസിക പരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രകൃതി, സാഹസികത, സംസ്‌കാരം, വിനോദം എന്നിവ കോര്‍ത്തിണക്കിയാണ് 10 ദിവസം നീളുന്ന ഈ വിശേഷാല്‍ പ്രോഗ്രാം ആസൂത്രണം ചെയ്തിരിക്കുന്നത്.
അല്‍-ഉലയുടെ ആകര്‍ഷകമായ ഭൂപ്രകൃതി ആകാശത്തുനിന്ന് വീക്ഷിക്കാനുള്ള ഹോട്ട് എയര്‍ ബലൂണ്‍ സവാരികള്‍, വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള നക്ഷത്ര നിരീക്ഷണം, ആകാശത്തിന് കീഴിലെ ഓപ്പണ്‍ എയര്‍ സിനിമാ പ്രദര്‍ശനങ്ങള്‍ എന്നിവ പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. കൂടാതെ, അനുയോജ്യമായ കാലാവസ്ഥയാണെങ്കില്‍ മണിക്കൂറില്‍ 20 ഓളം ഉല്‍ക്കകള്‍ വരെ ദൃശ്യമാകുന്ന പ്രശസ്തമായ 'ലിയോണിഡ്' ഉല്‍ക്കാവര്‍ഷം നേരിട്ട് കാണാനുള്ള അപൂര്‍വ്വ അവസരവും സന്ദര്‍ശകര്‍ക്ക് ലഭിക്കും.
രാത്രിയിലെ ആകാശഭംഗി ആസ്വദിച്ചുള്ള നടപ്പാതകളും വിനോദങ്ങളും ഉള്‍പ്പെടുന്ന 'ഹസ്സക്' ഇവന്റും പ്രോഗ്രാമിന്റെ ഭാഗമായി നടക്കും. മേഖലയിലെ ആദ്യത്തെ ഡാര്‍ക്ക് സ്‌കൈ ഡെസ്റ്റിനേഷന്‍ എന്ന പദവി നേടിയ അല്‍-ഉലയിലെ നാല് പ്രദേശങ്ങള്‍ക്ക് 'ഡാര്‍ക്ക് സ്‌കൈ ഇന്റര്‍നാഷണല്‍' സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അല്‍-ഉല ലൈറ്റ്ഹൗസ്, അല്‍-ഗറാമീല്‍ പ്രകൃതി സംരക്ഷണ കേന്ദ്രം, ശറആന്‍ പ്രകൃതി സംരക്ഷണ കേന്ദ്രം, വാദി നഖ്ല പ്രകൃതി സംരക്ഷണ കേന്ദ്രം എന്നിവയാണവ.
പ്രകാശ മലിനീകരണം കുറച്ച് പ്രകൃതിദത്ത പരിസ്ഥിതി സംരക്ഷിക്കുന്നതിനും സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സൗദിയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ അംഗീകാരങ്ങളിലൂടെ വ്യക്തമാകുന്നത്. വാനനിരീക്ഷണത്തിനും നക്ഷത്ര നിരീക്ഷണത്തിനും മികച്ച അന്തരീക്ഷമൊരുക്കുന്ന അല്‍-ഉലയിലെ ഇവന്റുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി (https://www.experiencealula.com/) ലഭ്യമാണ്.