ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ ഫസ്റ്റ് കമ്മിറ്റിയില്‍ പാക്കിസ്ഥാനും ബെലാറസും ചേര്‍ന്ന് സമര്‍പ്പിച്ച പ്രാദേശിക ആയുധ നിയന്ത്രണത്തെക്കുറിച്ചുള്ള കരട് പ്രമേയത്തിനെതിരെ ഇന്ത്യയും ഇസ്രായേലും വോട്ട് ചെയ്തു. 'പൊതുവായതും പൂര്‍ണ്ണവുമായ നിരായുധീകരണം: പ്രാദേശിക, ഉപ-പ്രാദേശിക തലങ്ങളിലെ പരമ്പരാഗത ആയുധ കുറയ്ക്കല്‍' എന്ന തലക്കെട്ടിലുള്ള പ്രമേയമാണ് തിങ്കളാഴ്ച സമിതി വോട്ടെടുപ്പിനിട്ടത്.
193 അംഗ യു.എന്‍ സമിതിയില്‍ പ്രമേയത്തെ അനുകൂലിച്ച് 180 രാജ്യങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ ഇന്ത്യയും ഇസ്രായേലും മാത്രമാണ് ഇതിനെ എതിര്‍ത്തത്. വോട്ടെടുപ്പില്‍ നിന്ന് ആരും വിട്ടുനിന്നില്ല.
ആയുധ നിരായുധീകരണ വിഷയങ്ങള്‍ പ്രാദേശിക അല്ലെങ്കില്‍ ഉപ-പ്രാദേശിക തലങ്ങളില്‍ മാത്രം ചുരുക്കി കാണുന്നതിനോട് യോജിക്കാനാകില്ലെന്ന് യു.എന്നിലെ ഇന്ത്യന്‍ സ്ഥിരം ദൗത്യസംഘം ഫസ്റ്റ് സെക്രട്ടറി അന്‍മോള്‍ ഷേര്‍ ബേദി വ്യക്തമാക്കി. ഇന്ത്യയുടെ മുന്‍കാല നിലപാടുകള്‍ക്ക് അനുസൃതമാണ് ഈ നിലപാടെന്നും ബേദി ചൂണ്ടിക്കാട്ടി.
യു.എന്‍ നിരായുധീകരണകമ്മീഷന്‍ മുന്‍പ് തന്നെ (1993, 1999, 2017 വര്‍ഷങ്ങളില്‍) ഐക്യകണ്‌ഠേന അംഗീകരിച്ച നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും നിലവിലുണ്ടായിരിക്കെ, വീണ്ടും ഇതേ വിഷയത്തില്‍ ആദ്യ ഘട്ടം മുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ യുക്തിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ആയുധ നിരായുധീകരണത്തിനായുള്ള യു.എന്‍ സംവിധാനങ്ങളുടെ സമയം നഷ്ടപ്പെടുത്തുക മാത്രമാണ് ഇതിലൂടെ സംഭവിക്കുന്നതെന്നും വിമര്‍ശിച്ചു.
ഒരു രാജ്യത്തിന്റെ സുരക്ഷാ ആശങ്കകള്‍ പ്രാദേശിക അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും പ്രമേയത്തിലെ പ്രാദേശിക സന്തുലിതാവസ്ഥ എന്ന ആശയം യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു. തെക്കേ ഏഷ്യന്‍ മേഖലയിലെ ആയുധ നിയന്ത്രണത്തെക്കുറിച്ചുള്ള പ്രത്യേക പരാമര്‍ശങ്ങളടങ്ങിയ ഖണ്ഡികയെയും ഇന്ത്യ ശക്തമായി എതിര്‍ത്തു.
Related News