ജിദ്ദ: കുട്ടികളിലെ സര്‍ഗാത്മകതയും പാചകത്തോടുള്ള താല്‍പര്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ജിദ്ദ സിജി വിമന്‍സ് കളക്ടീവിന്റെ (ജെ.സി.ഡബ്ല്യു.സി.) യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ 'അണ്‍ബോക്‌സ്ഡ് മേക്ക് ഇറ്റ്. ഓണ്‍ ഇറ്റ്. ടേക്ക് ഇറ്റ് ഹോം' എന്ന പേരില്‍ പാചകപരിശീലന ക്ലാസ് സംഘടിപ്പിച്ചു. അല്‍ വുറൂദില്‍ നടന്ന പരിപാടിയില്‍ അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിശീലനം ഒരുക്കിയത്.
പാചകത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രായോഗിക പരിശീലനത്തിലൂടെ കുട്ടികളില്‍ സര്‍ഗാത്മകത, ആത്മവിശ്വാസം, സ്വയംപര്യാപ്തത എന്നിവ വളര്‍ത്തുന്നതിനുമാണ് പരിപാടി ലക്ഷ്യമിട്ടത്.
ബേക്കിംഗ്, ബാരിസ്റ്റ പരിശീലന മേഖലകളില്‍ പ്രാവീണ്യം നേടിയ ഹസ്‌ന ബഷീര്‍ പരിശീലകയായി ക്ലാസിന് നേതൃത്വം നല്‍കി. പ്രായോഗിക പരിശീലനത്തിലൂടെ പാചകത്തിന്റെ വിവിധ വശങ്ങള്‍ പരിചയപ്പെടാനും പുതിയ കഴിവുകള്‍ വികസിപ്പിക്കാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു.
ജെ.സി.ഡബ്ല്യു.സി. ചെയര്‍പേഴ്‌സണ്‍ റഫ്‌സീന അഷ്ഫാഖ്, യൂത്ത് വിങ് മേധാവി സഫ ഫിന്‍സിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ വിജയത്തിനായി സിഹാന അമീര്‍, ഫര്‍സാന ഹംസ, ഫൈസ, ദിയ സാദത്ത് എന്നിവര്‍ പ്രവര്‍ത്തിച്ചു. പരിപാടിയുടെ ചിത്രീകരണ ചുമതല സഫാന നിര്‍വഹിച്ചു.