റിയാദ്: യൂറോപ്യന്‍ വന്‍കരയിലെ വ്യത്യസ്തവും സമ്പന്നവുമായ സിനിമാ കാഴ്ചകളും സംസ്‌കാരവും സൗദി പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ട് യൂറോപ്യന്‍ ചലച്ചിത്രമേളയ്ക്ക് റിയാദില്‍ തുടക്കം. സൗദി അറേബ്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തമാക്കുന്നതിനൊപ്പം, ഇരുവിഭാഗങ്ങളിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നു നല്‍കുകയാണ് മേളയുടെ ലക്ഷ്യം.
സൗദിയിലെ യൂറോപ്യന്‍ യൂണിയന്‍ ഡെലിഗേഷനും അംഗരാജ്യങ്ങളുടെ എംബസികളും സൗദി ഫിലിം കമ്മീഷന്റെ സഹകരണത്തോടെയുമാണ് മേള സംഘടിപ്പിക്കുന്നത്. നവംബര്‍ 11 വരെ റിയാദിലെ വോക്‌സ് സിനിമാസില്‍ പൊതുജനങ്ങള്‍ക്കായി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
യൂറോപ്യന്‍ സിനിമയ്ക്ക് നീണ്ട ചരിത്രവും പ്രാഗത്ഭ്യവുമുണ്ടെന്നും അത് സൗദിയിലെ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും സൗദിയിലെ ഇ.യു. അംബാസഡര്‍ ക്രിസ്റ്റോഫ് ഫര്‍നാഡ് പറഞ്ഞു. സൗദിയിലെ അതിവേഗം വളരുന്ന ചലച്ചിത്ര വ്യവസായത്തെയും അദ്ദേഹം അഭിനന്ദിച്ചു. ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് പുറമെ, സൗദിയിലെയും യൂറോപ്പിലെയും സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നതിനായി മൂന്ന് മാസ്റ്റര്‍ ക്ലാസുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തവണത്തെ മേളയില്‍ 15 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 15 മികച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതുവരെ 3,000-ത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി പരിപാടിയുടെ അവതാരകയും മിഡില്‍ ഈസ്റ്റിലെ പ്രമുഖ പോഡ്കാസ്റ്ററുമായ ലിന്‍ഡ അല്‍-ഫൈസല്‍ പറഞ്ഞു. യൂറോപ്യന്‍ ചിത്രങ്ങള്‍ക്ക് പുറമെ തെരഞ്ഞെടുത്ത സൗദി ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
അമേരിക്കന്‍ സിനിമകള്‍ക്കും ഹോളിവുഡ് വെബ് സീരീസുകള്‍ക്കും ലഭിക്കുന്ന വലിയ പ്രചാരത്തിനിടയില്‍, ഏറെ വേറിട്ടുനില്‍ക്കുന്ന യൂറോപ്യന്‍ സിനിമാ സംസ്‌കാരം അടുത്തറിയാന്‍ ഇത്തരം മേളകള്‍ സഹായിക്കുന്നുണ്ടെന്ന് സൗദി നടി ഘാദ അല്‍ മുല്ല അഭിപ്രായപ്പെട്ടു.
2022 ജൂണിലാണ് സൗദി അറേബ്യയില്‍ ആദ്യമായി യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ഫ്രഞ്ച് സംവിധായകന്‍ ഗ്രിഗറി മാഗ്‌നെയുടെ 'പെര്‍ഫ്യൂംസ്' ഉള്‍പ്പെടെ 14 ചിത്രങ്ങളാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. സൗദിയിലെ ചലച്ചിത്ര മേഖലയ്ക്ക് വലിയ കരുത്തുപകരുന്ന മേളയുടെ അഞ്ചാം പതിപ്പാണ് ഇപ്പോള്‍ റിയാദില്‍ പുരോഗമിക്കുന്നത്.