കോഴിക്കോട്: പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മലാപ്പറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് ആറിന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
1982 മുതല്‍ 2014ലെ ബ്രസീല്‍ ലോകകപ്പ് വരെയുള്ള എട്ട് ലോകകപ്പുകള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വ നേട്ടത്തിനുടമയാണ് ഭാസി മലാപ്പറമ്പ്. ഫുട്‌ബോള്‍ ചരിത്രത്തിലെ അവിസ്മരണീയ നിമിഷങ്ങളായ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍, 2006 ലോകകപ്പില്‍ ഫ്രഞ്ച് താരം സിനദിന്‍ സിദാന്‍ ഇറ്റലിയുടെ മാര്‍ക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ച സംഭവം എന്നിവ അദ്ദേഹം നേരില്‍ക്കണ്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൊതുമരാമത്ത് വകുപ്പില്‍ സിവില്‍ എന്‍ജിനീയറായിരുന്ന അദ്ദേഹം കോഴിക്കോട്ടെ പ്രാദേശിക ഫുട്‌ബോളിലും സജീവമായിരുന്നു. മികച്ച കളിക്കാരനായിരുന്ന ഭാസി യങ് ചാലഞ്ചേഴ്‌സ് ക്ലബിന്റെ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചു. കോഴിക്കോട്ടെ പ്രശസ്തമായ നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിരവധി തവണ കളത്തിലിറങ്ങി.
ഫുട്‌ബോള്‍ ലോകത്തെ പ്രമുഖ താരങ്ങളുമായി നേരിട്ട് സംവദിക്കാനും അഭിമുഖം നടത്താനും അദ്ദേഹത്തിന് അവസരം ലഭിച്ചു. പെലെയെ നേരില്‍ക്കണ്ട് സംസാരിക്കുകയും അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് സ്വന്തമാക്കുകയും ചെയ്തു. ബോബി മൂര്‍, ബോബി ചാള്‍ട്ടണ്‍, പീറ്റര്‍ ഷില്‍ട്ടണ്‍ തുടങ്ങിയ വിഖ്യാത താരങ്ങളെയും അഭിമുഖം നടത്തി.
'ജോഗോ ബോണീറ്റ', 'മനസുകള്‍ സാഗരങ്ങള്‍' എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍. 1972ല്‍ പുറത്തിറങ്ങിയ 'ഫുട്‌ബോള്‍ ചാമ്പ്യന്‍' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കളിക്കളത്തിലെ അനുഭവങ്ങളും ലോകഫുട്‌ബോളിന്റെ ചരിത്രനിമിഷങ്ങളും മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ കളിയെഴുത്തുകാരനായിരുന്നു ഭാസി മലാപ്പറമ്പ്.2002 ലെ ലോകകപ്പില്‍ മികച്ച വിദേശ ലേഖകനുള്ള അവാര്‍ഡ് നേടി.
പരേതയായ പാറക്കുളങ്ങര പാര്‍വതിയാണ് ഭാര്യ. മക്കള്‍: സുതീഭ്, പ്രസീത്. മരുമക്കള്‍: നിമ്മി, റിങ്കു.
Related News