വാഷിംഗ്ടണ്‍: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരിട്ട കനത്ത തോല്‍വിക്ക് കാരണം ഇറാന്‍ യുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിടുന്ന വാന്‍സ്, വന്‍ ജനരോഷത്തിന് കാരണമായ യുദ്ധത്തില്‍ നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കുന്നതിന്റെ വ്യക്തമായ സൂചനയായാണ് ഈ പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
'തിരഞ്ഞെടുപ്പില്‍ നമ്മള്‍ തോല്‍ക്കാന്‍ കാരണം ഈ യുദ്ധമാണ്. പ്രസിഡന്റ് തന്നെ അത് കഴിഞ്ഞ രാത്രി സമ്മതിച്ചതാണ്,' 'എക്‌സ്' പ്ലാറ്റ്ഫോമിലെ ദീര്‍ഘമായ കുറിപ്പില്‍ വാന്‍സ് വ്യക്തമാക്കി. ഇറാന്‍ യുദ്ധം തിരിച്ചടിക്ക് ഒരു ഘടകമായെന്ന് സമ്മതിച്ചെങ്കിലും യുദ്ധ തീരുമാനം ന്യായമാണെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത 6 വര്‍ഷത്തേക്ക് സെനറ്റ് കൈവിട്ടുപോയത് അര്‍ത്ഥവത്തായ ഒരു വിലകൊടുക്കലാണെന്ന് ആര്‍ക്കെങ്കിലും വാദിക്കണമെങ്കില്‍ അങ്ങനെ ചെയ്യാം. എന്നാല്‍ സത്യസന്ധമായി കാര്യങ്ങള്‍ വിലയിരുത്തിയാല്‍ തോല്‍വിയുടെ യഥാര്‍ത്ഥ കാരണം എല്ലാവര്‍ക്കും അറിയാമെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.
ഇടക്കാല തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് തരംഗം 2028-ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന വാന്‍സിന് വലിയ തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍ മത്സരിക്കുന്ന കാര്യം അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
2024-ല്‍ ട്രംപ്-വാന്‍സ് സഖ്യത്തിന് വോട്ട് ചെയ്ത ഭൂരിപക്ഷം ആളുകളും 2026-ല്‍ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്തതായി വാന്‍സ് സമ്മതിച്ചു. ഇറാന്‍ യുദ്ധം കാരണം തകര്‍ന്ന സമ്പദ്വ്യവസ്ഥയും ഇസ്രായേലുമായുള്ള യുഎസിന്റെ ബന്ധത്തില്‍ മാറ്റം വരുത്തണമെന്ന വോട്ടര്‍മാരുടെ ആഗ്രഹവുമാണ് തോല്‍വിക്ക് വഴിവെച്ചതെന്ന് പോളിംഗ് കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
മറുവശത്ത്, കോണ്‍ഗ്രസിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഇറാന്‍ യുദ്ധത്തിനുള്ള ഫണ്ട് തടയുമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുതിര്‍ന്ന ഡെമോക്രാറ്റിക് സെനറ്റര്‍ ചക് ഷൂമര്‍ അറിയിച്ചു. ജനങ്ങളുടെ അനുമതിയില്ലാതെ യുദ്ധം ചെയ്യുന്ന പ്രസിഡന്റിനെ തടയാന്‍ ഫണ്ട് നിയന്ത്രണം വഴി സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ, ട്രംപ് തന്നെയാണ് ഇപ്പോഴും നിങ്ങളുടെ പ്രസിഡന്റ് എന്ന് പ്രഖ്യാപിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. ഓവല്‍ ഓഫീസിലെ റെസല്യൂട്ട് ഡെസ്‌കില്‍ ഗൗരവത്തോടെ ഇരിക്കുന്ന ട്രംപിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വൈറ്റ് ഹൗസിന്റെ എക്‌സ് പോസ്റ്റ്. സഭകളില്‍ ഭൂരിപക്ഷം ലഭിച്ചതോടെ ട്രംപിന്റെ നയങ്ങള്‍ക്കും നിയമനങ്ങള്‍ക്കും തടയിടാന്‍ ഡെമോക്രാറ്റുകള്‍ക്ക് സാധിക്കും. എന്നാല്‍ ട്രംപ് വീറ്റോ അധികാരം ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് വരും ദിവസങ്ങളില്‍ യുഎസ് രാഷ്ട്രീയത്തില്‍ വലിയ പ്രതിസന്ധിക്ക് വഴിവെച്ചേക്കാം.
Related News