കോഴിക്കോട്: അഗതികളുടെ കണ്ണീരൊപ്പിയുളള സാന്ത്വന സ്പര്‍ശവും, തെരുവില്‍ അലയുന്നവര്‍ക്ക് കൈത്താങ്ങും പകര്‍ന്ന് ജീവകാരുണ്യ രംഗത്ത് വിപ്ലവം തീര്‍ത്ത ഡോ. വി. ഇദ്രീസ് ഇനി സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ തലപ്പത്തേക്ക്. 'തണല്‍' ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ സാരഥിയായ അദ്ദേഹത്തെ സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചു.
കാല്‍നൂറ്റാണ്ടിലേറെയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായ ഡോ. ഇദ്രീസ്, 'തണലി'ന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച ശേഷമാണ് ഈ പുതിയ ഭരണാധികാര ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. നിലവില്‍ മൂന്ന് ലക്ഷത്തോളം പേരാണ് ദിവസേന തണലിന്റെ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.
കണ്ണൂര്‍ താണ സ്വദേശിയാണെങ്കിലും 2002 മുതല്‍ വടകര കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍. 'ദയ പാലിയേറ്റീവ് കെയറു'മായി ബന്ധപ്പെട്ടാണ് അദ്ദേഹം വടകരയിലെത്തുന്നത്. ജനറല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റായ ഡോ. ഇദ്രീസിന്റെ നേതൃത്വത്തില്‍ 2008-ല്‍ ആരംഭിച്ച 'തണല്‍' അഗതിമന്ദിരം അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു.
ഇന്ന് രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 24 അഗതിമന്ദിരങ്ങളും, 92 ഡയാലിസിസ് കേന്ദ്രങ്ങളും, ഭിന്നശേഷിക്കാര്‍ക്കായുള്ള നാല്‍പ്പതോളം കേന്ദ്രങ്ങളും 'തണലി'ന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തെരുവില്‍ കഴിയുന്നവര്‍ക്ക് ദിവസേനയുള്ള ഭക്ഷണവിതരണം, മൈക്രോ ലേണിങ് കേന്ദ്രങ്ങള്‍ വഴി വിദ്യാഭ്യാസം, കമ്മ്യൂണിറ്റി സൈക്യാട്രി കേന്ദ്രങ്ങള്‍, ഭവന നിര്‍മാണ പദ്ധതികള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവയുള്‍പ്പെടെ മൂവായിരത്തോളം കേന്ദ്രങ്ങളാണ് ഇന്ന് തണലിന്റെ കുടക്കീഴിലുള്ളത്. ദിവസേന അയ്യായിരത്തോളം രോഗികളാണ് തണലില്‍ നിന്നും സൗജന്യ ഡയാലിസിസ് സേവനം നേടുന്നത്.
2008ല്‍ 'തണല്‍' രൂപവത്കരിച്ചതു മുതല്‍ അതിന്റെ ചെയര്‍മാനായി തുടരുന്ന അദ്ദേഹം, കോഴിക്കോട് ഇഖ്‌റ ആശുപത്രിയുടെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍, ജെ.ഡി.ടി. ഇസ്ലാം ഓര്‍ഫനേജ്, പ്രൈസ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍, സഹാറ ഭാരത് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി, കേരള ഡിസെബിലിറ്റി ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ തുടങ്ങിയ പ്രധാന ചുമതലകളും വഹിക്കുന്നുണ്ട്. നിലവില്‍ വടകര ആശ ആശുപത്രിയിലെ ഡോക്ടറുമാണ് അദ്ദേഹം.
Related News