ജിദ്ദ: ഇസ്ലാമിക ചരിത്രത്തിലെ ശ്രദ്ധേയമായ പുണ്യഭൂമികളിലൊന്നായ മദീനയും അവിടുത്തെ ചരിത്രമുറങ്ങുന്ന പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ചത് ഹൃദ്യവും നവ്യവുമായ അനുഭവമായി. തനിമ സാംസ്‌കാരിക വേദി ബലദ് മേഖല സംഘടിപ്പിച്ച ഈ ചരിത്ര പഠന സന്ദര്‍ശന യാത്രയില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.
ഇസ്ലാമിലെ ചരിത്രപ്രധാനമായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ജീവിത പരിവര്‍ത്തനത്തിന് നിമിത്തമാകണമെന്നും പൂര്‍വിക പ്രവാചകന്മാരുടെയും മഹാന്മാരുടെയും മാതൃകകള്‍ പിന്തുടരാന്‍ പ്രചോദനമാകണമെന്നും മുഖ്യ മാര്‍ഗദര്‍ശിയും പ്രഭാഷകനുമായ ജാഫര്‍ എളമ്പിലക്കോട് ഓര്‍മിപ്പിച്ചു.
മസ്ജിദുന്നബവിയും ചുറ്റുമുള്ള പുണ്യ പ്രദേശങ്ങളും, മസ്ജിദ് സജ്ദ, ഉഹുദ് രണാങ്കണം, അമ്പെയ്ത്തുകാരുടെ കുന്ന്, രക്തസാക്ഷികളുടെ മഖ്ബറ, ഉഹുദ് മലയില്‍ പ്രവാചകന്‍ അഭയം പ്രാപിച്ച ഗുഹ, മസ്ജിദ് ഖിബ്ലത്തൈന്‍, ഇദ്ഖ് കിണര്‍, സല്‍മാനുല്‍ ഫാരിസിയുടെ പേരില്‍ അറിയപ്പെടുന്ന ഈത്തപ്പഴത്തോട്ടം, ഗര്‍സ് കിണര്‍, കഅ്ബ് ഇബ്നു അശ്റഫിന്റെ പൗരാണിക കോട്ട, മസ്ജിദ് ഖുബാ, മസ്ജിദുല്‍ അസ്ബ തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ വിശദീകരണങ്ങളോടെ സന്ദര്‍ശിച്ചത് പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി.
ജിദ്ദയില്‍ നിന്നുള്ള യാത്രയ്ക്കിടയില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തിന് സലീം യൂസഫ്, ശുകൂര്‍ ചേകന്നൂര്‍, അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 'നബിചര്യയുടെ പ്രാമാണികത', 'അറിവും യാത്രയും', 'സോഷ്യല്‍ മീഡിയ' എന്നീ വിഷയങ്ങളില്‍ അബ്ദുല്‍ റഹിമാന്‍ ഉമരി, ഇബ്റാഹീം ശംനാട്, ഷമീം ചേന്ദമംഗല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഐദാന്‍ മുഹമ്മദ് ഖിറാഅത്ത് നടത്തി. അന്‍ഷാദ് മുഹമ്മദ്, ഷഹബാസ് അഹമ്മദ്, ഫാത്തിമ ആയത്ത് സഫാദ് എന്നിവര്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചു. അഫ്‌സല്‍ രാമപുരം, മഅ്‌റൂഫ് തൃക്കരിപ്പൂര്‍, ഷൗക്കത്ത് വി.കെ. തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Related News