ന്യൂഡല്‍ഹി: നാടുകടത്തപ്പെട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുടെ തിരിച്ചുപോക്കുമായി ബന്ധപ്പെട്ട് ഇന്ത്യ രണ്ട് നിബന്ധനകള്‍ മുന്നോട്ടുവെച്ചതായി ബി.ബി.സി റിപ്പോര്‍ട്ട്. ഹസീന ബംഗ്ലാദേശിലേക്ക് തിരിച്ചുപോവുന്നതിനോട് ഇന്ത്യ അനുകൂലമാണെങ്കിലും അതിന് രണ്ട് പ്രധാന ഉറപ്പുകള്‍ വേണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് സൂചന. ബംഗ്ലാദേശ് സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ സുരക്ഷിതമായി മടക്കിക്കൊണ്ടുപോകണമെന്നും രാജ്യത്ത് നീതിപൂര്‍വമായ പുതിയ വിചാരണയ്ക്ക് അവസരം ഉറപ്പാക്കണമെന്നുമാണ് ഇന്ത്യയുടെ നിബന്ധനകളെന്ന് ബിബിസി ബംഗ്ല റിപ്പോര്‍ട്ട് ചെയ്തു.
2024 ഓഗസ്റ്റ് അഞ്ചിനാണ് ധാക്കയിലെ ഔദ്യോഗിക വസതിയില്‍ ജനക്കൂട്ടം ഇരച്ചുകയറിയതിനെത്തുടര്‍ന്ന് ശെയ്ഖ് ഹസീന ബംഗ്ലാദേശ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിയത്. ഡിസംബറില്‍ നാട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്ന് അവര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പരോക്ഷമായ അനുമതിയോടെയാണ് ഈ പ്രഖ്യാപനമെന്നാണ് ബി.ബി.സി ബംഗ്ലയുടെ വിലയിരുത്തല്‍.
ഹസീനയുടെ മടക്കത്തിന് ഇന്ത്യ മുന്നോട്ടുവെക്കുന്ന ആദ്യ നിബന്ധന ബംഗ്ലാദേശ് സൈന്യത്തിന്റെ നേരിട്ടുള്ള പങ്കാളിത്തമാണ്. സൈനിക വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് അവരെ കൊണ്ടുപോകുകയോ കര അതിര്‍ത്തിയിലെ നിശ്ചിത സ്ഥലത്ത് സൈന്യം സ്വീകരിക്കുകയോ ചെയ്യാം. ഇതിനാവശ്യമായ യാത്രാസാങ്കേതിക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഇന്ത്യ തയ്യാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടാമത്തെ നിബന്ധന നിയമനടപടികളുമായി ബന്ധപ്പെട്ടതാണ്. ബംഗ്ലാദേശ് കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനും 2024 ജൂലൈയിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കൂട്ടക്കൊല ആരോപണങ്ങളില്‍ പുതിയ വിചാരണ നേരിടാനും അവസരം ഉറപ്പാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അന്താരാഷ്ട്ര സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും നിരീക്ഷണത്തില്‍ സുതാര്യമായ വിചാരണ നടക്കണമെന്നും ഇന്ത്യ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ഹസീനയുടെ തിരിച്ചുവരവിനുള്ള സാധ്യതകള്‍ സംബന്ധിച്ച് ഇന്ത്യയും ബംഗ്ലാദേശും മാസങ്ങളായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ബി.ബി.സി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഒക്ടോബര്‍ ആറിന് ഇന്ത്യയിലെത്തിയ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേശ് ത്രിവേദി കരസേനാ മേധാവി ജനറല്‍ ധീരജ് സേത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.