മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈ ജൂഹുവിലെ പ്രശസ്ത വസതിയായ 'ജല്‍സ'യെച്ചൊല്ലി കുടുംബസ്വത്ത് തര്‍ക്കം. അമിതാഭിന്റെ ഇളയ സഹോദരന്‍ അജിതാഭ് ബച്ചന്റെ ഭാര്യ റമോള ബച്ചനാണ് 1993ല്‍ സ്വത്തിന്റെ ഉടമസ്ഥാവകാശം ജയ ബച്ചന് കൈമാറിയതുമായി ബന്ധപ്പെട്ട രേഖ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സ്വത്ത് കൈമാറ്റം നടന്നതെന്നാണ് റമോളയുടെ ആരോപണം.
മുംബൈയിലെ അന്ധേരിയിലുള്ള സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാറുടെ ഓഫീസിലാണ് പരാതി എത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴുമാസത്തിനിടെ രജിസ്‌ട്രേഷന്‍ അധികൃതര്‍ക്ക് ഒന്നിലധികം പരാതികള്‍ ലഭിച്ചതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
ജല്‍സ ആദ്യം തന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും പിന്നീട് 1993ലെ ദാനാധാരം വഴി ജയ ബച്ചന്റെ പേരിലേക്ക് മാറ്റുകയായിരുന്നുവെന്നുമാണ് റമോളയുടെ വാദം.
എന്നാല്‍ കപോള്‍ ഹൗസിങ് സൊസൈറ്റിയുടെ രേഖകളില്‍ ജയ ബച്ചനെയാണ് ഉടമയായി രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രോപ്പര്‍ട്ടി കാര്‍ഡില്‍ ഇപ്പോഴും റമോളയുടെ പേരാണുള്ളത്. സര്‍ക്കാര്‍ രേഖകളില്‍നിന്ന് തന്റെ പേര് നീക്കി ജയയുടെ പേര് ചേര്‍ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് റമോള ആരോപിച്ചു.
1993ലെ സ്വത്ത് കൈമാറ്റ രേഖയുടെ നിയമസാധുതയും റമോള ചോദ്യം ചെയ്തിട്ടുണ്ട്. അന്ന് സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാതെ സാധാരണ കടലാസിലാണ് രേഖ തയ്യാറാക്കിയതെന്നാണ് ആരോപണം. സാക്ഷികളുടെ ഒപ്പുകളും രേഖയിലില്ലായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പിന്നീട് രേഖ രജിസ്റ്റര്‍ ചെയ്തതും മഹാരാഷ്ട്ര സര്‍ക്കാരിന്റെ 'അഭയ് യോജന' പദ്ധതിയിലൂടെ ക്രമവത്കരിച്ചതും എങ്ങനെയാണെന്നും റമോള വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതി ലഭിച്ചതായി ഡെപ്യൂട്ടി രജിസ്ട്രാര്‍ ഫയാസ് മുലാനി സ്ഥിരീകരിച്ചു. വിഷയത്തില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട കക്ഷികളോട് വിശദീകരണം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രേഖകളുടെ സാധുതയിലും ഉടമസ്ഥാവകാശത്തിലും അധികൃതര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അതേസമയം, ജല്‍സയ്ക്ക് മുന്നില്‍ ആരാധകരെ കാണുന്ന അമിതാഭിന്റെ പതിവ് 'സണ്‍ഡേ ദര്‍ശന്‍' പരിപാടി തുടരുകയാണ്. നവംബര്‍ എട്ടിന് ദീപാവലി ആശംസകള്‍ നേരാനെത്തിയ ആരാധകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുന്‍ദിവസത്തെ കൂടിക്കാഴ്ചയില്‍ ഉപയോഗിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഇത്തവണ ഉണ്ടായിരുന്നില്ല.
മകന്‍ അഭിഷേക് ബച്ചനും ചലച്ചിത്ര നിര്‍മാതാവ് ബണ്ടി വാലിയയും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുംബൈ മേയര്‍ക്ക് ലഭിച്ച ഭീഷണിക്കത്തില്‍ അമിതാഭ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടതിനു ശേഷമുള്ള രണ്ടാമത്തെ സണ്‍ഡേ ദര്‍ശനമായിരുന്നു ഇത്.
Related News