ഹൈദരാബാദ്: ബി.സി.സി.ഐ അണ്ടര്‍-19 വനിതാ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17കാരിയായ നന്ദിനിയെ തെലങ്കാനയിലെ മുത്തശ്ശിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വികാരാബാദ് പട്ടണത്തിലെ മധു കോളനിയിലായിരുന്നു സംഭവം. രണ്ട് യുവാക്കളുടെ നിരന്തരമായ ശല്യമാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം.
വികാരാബാദ് ജില്ലയിലെ യലാല്‍ മണ്ഡലത്തിലെ സംഗായപ്പള്ളി ഗ്രാമവാസിയാണ് നന്ദിനി. പഠനത്തോടൊപ്പം ക്രിക്കറ്റ് പരിശീലനത്തിനായി മുത്തശ്ശിയുടെ വീട്ടിലായിരുന്നു താമസം. അടുത്തിടെ ബി.സി.സി.ഐ അണ്ടര്‍-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലയുടെ അഭിമാനമായി മാറിയ താരത്തിന്റെ മരണം കായികരംഗത്തും നാട്ടിലും വലിയ ഞെട്ടലുണ്ടാക്കി.
അനില്‍, കൃഷ്ണ എന്നീ യുവാക്കള്‍ക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രണയത്തിന്റെ പേരില്‍ അനില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നന്ദിനിയെ പിന്തുടര്ന്ന് ശല്യം ചെയ്തിരുന്നുവെന്നും കൃഷ്ണ ഇതിന് സഹായം നല്‍കിയെന്നുമാണ് ബന്ധുക്കളുടെ പരാതി.
രാവിലെ ഒമ്പതോടെയാണ് നന്ദിനിയുടെ മരണവിവരം പൊലീസിന് ലഭിച്ചതെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രഘു പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്വാഭാവിക മരണമാണ് സംശയിക്കുന്നത്. രണ്ട് യുവാക്കള്‍ക്കെതിരായ കുടുംബത്തിന്റെ ആരോപണങ്ങളും അന്വേഷിക്കുന്നുണ്ട്.
നന്ദിനിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് അക്കൗണ്ടുകള്‍ പരിശോധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ആരെങ്കിലും ശല്യം ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്തുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോറന്‍സിക് പരിശോധനയുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
നന്ദിനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും ബന്ധുക്കളും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ആരോപണവിധേയരായ രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Related News