ലണ്ടന്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രായപൂര്‍ത്തിയാകാത്ത എഴുപതോളം പെണ്‍കുട്ടികളെ വലയിലാക്കി നഗ്‌നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയും അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക് ബ്രിട്ടീഷ് കോടതി 30 വര്‍ഷം തടവുശിക്ഷ വിധിച്ചു. ചെസ്റ്റര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന 27-കാരനായ ബിലാല്‍ കാസിയെയാണ് വെള്ളിയാഴ്ച കോടതി ശിക്ഷിച്ചത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കല്‍, ഭീഷണിപ്പെടുത്തല്‍, കുട്ടികളെ ലൈംഗിക പ്രവൃത്തികള്‍ക്ക് പ്രേരിപ്പിക്കല്‍ തുടങ്ങി 37 കുറ്റങ്ങള്‍ പ്രതി കോടതിയില്‍ സമ്മതിച്ചിരുന്നു.
2021 ഓഗസ്റ്റ് മുതല്‍ 2025 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ സ്‌നാപ്ചാറ്റ്, റോബ്ലോക്‌സ്, വിങ്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ, ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ഇയാള്‍ 10-നും 17-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ലക്ഷ്യമിട്ടതെന്ന് ബ്രിട്ടീഷ് അധികൃതര്‍ വ്യക്തമാക്കി. 'റീസ്' എന്ന പേരിലുള്ള 14 വയസ്സുകാരനായ ബ്രിട്ടീഷ് ആണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. അജ്ഞാതനായ ഒരു കൗമാരക്കാരന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ വിശ്വാസം നേടിയെടുത്ത ശേഷം, പ്രണയബന്ധത്തിലാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെട്ടിരുന്നത്. ചിത്രങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്ന കുട്ടികളെ, നേരത്തെ കൈക്കലാക്കിയ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ചിരുന്നത്. ചില കുട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും കോടതി കണ്ടെത്തി.
2021 അവസാനത്തോടെ 13 വയസ്സുകാരിയായ ഒരു പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഈ വന്‍ ഓണ്‍ലൈന്‍ ചൂഷണ ശൃംഖലയുടെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് ചെഷയര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍, സര്‍വ്വകലാശാല വിട്ട് രാജ്യത്തിന് പുറത്തേക്ക് പോയിരുന്ന ബിലാല്‍ കാസിയെ 2023 ജൂലൈ 21-ന് ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഹീത്രൂ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്ന് കണ്ടെടുത്ത വിവരങ്ങള്‍ പരിശോധിച്ച പ്രത്യേക അന്വേഷണ സംഘം, ബ്രിട്ടനിലെ 28 പോലീസ് സ്റ്റേഷന്‍ പരിധികളിലായി 11-നും 17-നും ഇടയില്‍ പ്രായമുള്ള 70 ഇരകളെ തിരിച്ചറിഞ്ഞു.
നവംബര്‍ 13-ന് ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി സ്റ്റീഫന്‍ എവററ്റ് പ്രതിയെ അതീവ അപകടകാരിയായ വ്യക്തിയെന്നാണ് വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ സുരക്ഷാ പഴുതുകള്‍ മുതലെടുത്ത് സ്വന്തം വീടുകള്‍ക്കുള്ളില്‍ പോലും കുട്ടികളുടെ സുരക്ഷിതത്വബോധം ഇല്ലാതാക്കുന്ന ക്രൂരകൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷാ കാലാവധിയില്‍ കുറഞ്ഞത് 20 വര്‍ഷമെങ്കിലും തടവ് അനുഭവിച്ച ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. കൂടാതെ, ജീവിതകാലം മുഴുവന്‍ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഇയാളുടെ പേര് നിലനിര്‍ത്താനും പരോളില്‍ ഇറങ്ങുകയാണെങ്കില്‍ എട്ട് വര്‍ഷത്തേക്ക് കര്‍ശന നിരീക്ഷണത്തില്‍ വെക്കാനും കോടതി ഉത്തരവിട്ടു.
Related News