ടെഹ്‌റാന്‍: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എ.എഫ്.സി) വാര്‍ഷിക പുരസ്‌കാരങ്ങളില്‍ ചരിത്രനേട്ടവുമായി ഇറാന്‍ ഗോള്‍കീപ്പര്‍ അലി രിസ ബെയ്‌റന്‍വന്ദ്. പുരുഷ വിഭാഗത്തില്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയതോടെ 1994ല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയതിനുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഗോള്‍കീപ്പറായി 34കാരനായ ബെയ്‌റന്‍വന്ദ്.
ഈ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഇറാനിയന്‍ താരവുമാണ് അദ്ദേഹം. ഖുദാദാദ് അസീസി, അലി ദായി, മെഹ്ദി മഹ്ദാവികിയ, അലി കരിമി എന്നിവരാണ് ഇതിന് മുമ്പ് പുരസ്‌കാരം നേടിയ ഇറാനിയന്‍ താരങ്ങള്‍. ക്ലബ്ബ് തലത്തില്‍ ട്രാക്ടര്‍ എഫ്.സിക്കായും ദേശീയ ടീമിനായും നടത്തിയ മികച്ച പ്രകടനങ്ങളാണ് ബെയ്‌റന്‍വന്ദിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
സൗദി അറേബ്യന്‍ താരങ്ങളായ ഫിറാസ് അല്‍ ബരീക്കന്‍, സാലിം അല്‍ദൗസരി എന്നിവരെ പിന്തള്ളിയാണ് ബെയ്‌റന്‍വന്ദ് പുരസ്‌കാരം നേടിയത്. ലോകകപ്പില്‍ ഇറാനുവേണ്ടി നടത്തിയ പ്രകടനവും പരിഗണിക്കപ്പെട്ടു. നോക്കൗട്ട് റൗണ്ടിലേക്കുള്ള യോഗ്യത നേരിയ വ്യത്യാസത്തില്‍ നഷ്ടമായെങ്കിലും ടീമിന്റെ പ്രകടനത്തില്‍ ഗോള്‍കീപ്പര്‍ നിര്‍ണായക പങ്കുവഹിച്ചു.
പുരസ്‌കാരം ജീവിതത്തിലെ ചരിത്രപരവും മറക്കാനാവാത്തതും വൈകാരികവുമായ നിമിഷമാണെന്ന് ബെയ്‌റന്‍വന്ദ് പ്രതികരിച്ചു. ഇത് വ്യക്തിഗത നേട്ടമായി കാണുന്നില്ലെന്നും ഇറാനെ പ്രതിനിധീകരിക്കുന്നതിലുള്ള അഭിമാനമാണ് ഏറ്റവും വലുതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ വിഭാഗത്തില്‍ ഉത്തരകൊറിയയുടെ കിം ക്യോങ് യോങ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യന്‍ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ നേഗോഹ്യാങ് എഫ്.സിയുടെ കിരീടനേട്ടത്തിലെ പ്രകടനമാണ് കിമ്മിന് അംഗീകാരം നേടിക്കൊടുത്തത്. ഈ പുരസ്‌കാരം നേടുന്ന ഉത്തരകൊറിയയില്‍ നിന്നുള്ള രണ്ടാമത്തെ താരമാണ് അവര്‍.
ജപ്പാനിലെ മച്ചിദ സെല്‍വിയയെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് എലൈറ്റ് ഫൈനലിലെത്തിച്ച ഗോ കുരോഡ പുരുഷ വിഭാഗത്തിലെ മികച്ച പരിശീലകനായി. വനിതാ വിഭാഗത്തില്‍ ഇറാന്റെ മാര്‍സിയേ ജാഫരി തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച പരിശീലക പുരസ്‌കാരം നേടി.
പുരുഷ അന്താരാഷ്ട്ര താരത്തിനുള്ള പുരസ്‌കാരം പാരിസ് സെന്റ് ജെര്‍മെയ്‌നിലൂടെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ദക്ഷിണകൊറിയയുടെ ലീ കാങ്ഇന്നിനാണ്. ആഴ്‌സണലിനൊപ്പം ചാമ്പ്യന്‍സ് കപ്പ് നേടിയ ഓസ്‌ട്രേലിയന്‍ താരം കെയ്റ്റ്‌ലിന്‍ ഫോര്‍ഡാണ് വനിതാ അന്താരാഷ്ട്ര താരം.
Related News