കൂട്ടിക്കട (കൊല്ലം): മയ്യനാട് ഗ്രാമപഞ്ചായത്തിന്റെയും കൊല്ലം കോർപ്പറേഷന്റെയും അതിർത്തി പങ്കിടുന്ന കൂട്ടിക്കടയിലെയും പരിസരങ്ങളിലെയും താമസക്കാർക്ക് ആശ്വാസമേകി കൊല്ലം പാർലമെന്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ. റെയിൽവേ മേൽപ്പാലത്തിന് ഭൂമി ഏറ്റെടുത്ത 82 കുടുംബങ്ങൾക്കും നഷ്ടപരിഹാരത്തുക ആറ് മാസത്തിനകം വിതരണം ചെയ്യാൻ കഴിയുമെന്ന് എം.പി. പറഞ്ഞു. പ്രദേശത്തെ പൊതുപ്രവർത്തകർ ഒന്നിച്ച് വിളിച്ചുകൂട്ടിയ പൊതുയോഗത്തിൽ ഇരവിപുരം എം.എൽ.എ. വിഷ്ണു മോഹൻ, സർക്കാർതല ഉദ്യോഗസ്ഥ മേധാവികൾ, കൊല്ലം മേയർ, പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
2018-ൽ അന്നത്തെ സർക്കാർ മേൽപ്പാലത്തിന് ഭരണാനുമതി നൽകിയിരുന്നു. എന്നാൽ തുടർനടപടികൾ നീങ്ങാതെ ചുവപ്പുനാടയിൽ കുടുങ്ങി 5 വർഷം പിന്നിട്ടു. 2023-ൽ ഭൂമി ഏറ്റെടുക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ ജില്ലാ ഭരണാധികാരികൾക്ക് രേഖകൾ കൈമാറി. തുടർന്ന് സംരംഭത്തിന് ആവശ്യമായ ഭൂമി 82 കുടുംബങ്ങളിൽ നിന്നായി ഏറ്റെടുത്ത് അളന്നുതിരിച്ച് കുറ്റിയുമടിച്ചു. കിഫ്ബി മുഖേന പദ്ധതിക്ക് ആവശ്യമായ തുകയും അനുവദിച്ചെങ്കിലും പദ്ധതി നടപ്പാക്കാതെ വീണ്ടും കാലങ്ങൾ നീങ്ങുകയും നിശ്ചിത സമയപരിധി അവസാനിക്കുകയും ചെയ്തതോടെ ഭൂമി നൽകിയവർ ദുരിതത്തിലായി.
ഇതിനകം സർക്കാർ മാറിവന്നു. ഇരവിപുരം എം.എൽ.എ. വിഷ്ണു മോഹന്റെയും എൻ.കെ. പ്രേമചന്ദ്രൻ എം.പി.യുടെയും ശ്രമഫലമായി, അവസാനിച്ച കാലാവധി ആറ് മാസം കൂടി നീട്ടിവാങ്ങാൻ കഴിഞ്ഞതോടെ ഭൂവുടമകളുടെയും പ്രദേശവാസികളുടെയും ആശങ്കയ്ക്ക് വിരാമമാവുകയും കൂട്ടിക്കട മേൽപ്പാലം യാഥാർഥ്യമാകാൻ വഴിയൊരുങ്ങുകയും ചെയ്തു. വിഷ്ണു മോഹൻ എം.എൽ.എ. അധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലം മേയർ എ.കെ. ഹഫീസ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് റാഫി, വിവിധ സർക്കാർ വകുപ്പ് മേധാവികൾ എന്നിവർ സംബന്ധിച്ചു.
-ഇഖ്ബാൽ കൂട്ടിക്കട
Related News