തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ അത്‌ലറ്റും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പദ്മിനി തോമസ് ബി.ജെ.പി വിട്ട്. കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്നും അവര്‍ പ്രഖ്യാപിച്ചു. ബിജെപിയില്‍ ചേരുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് പദ്മിനി വ്യക്തമാക്കി.
ബിജെപി സംസ്ഥാന ന്യൂനപക്ഷ മോര്‍ച്ച വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അവര്‍. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് സമര്‍പ്പിക്കുമെന്ന് പദ്മിനി അറിയിച്ചു. കോണ്‍ഗ്രസിനെ തന്റെ കുടുംബമെന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
2024ല്‍ കോണ്‍ഗ്രസ് വിട്ടാണ് പദ്മിനി തോമസ് ബിജെപിയില്‍ ചേര്‍ന്നത്. കായികരംഗത്തും രാഷ്ട്രീയത്തിലും കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി പ്രവേശനം. എന്നാല്‍ രണ്ടുവര്‍ഷത്തിനിടെ ഈ മേഖലകളിലൊന്നിലും കാര്യമായ അവസരം ലഭിച്ചില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയില്‍ ചേരുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കാമെന്നോ കായികരംഗത്ത് പ്രമുഖ പദവി നല്‍കാമെന്നോ പ്രത്യേകമായി ഉറപ്പുനല്‍കിയിരുന്നില്ലെന്ന് അവര്‍ വിശദീകരിച്ചു. എന്നാല്‍ പിന്നീട് പാര്‍ട്ടി നേതാക്കള്‍ ഇത്തരം നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഒന്നും നടപ്പായില്ലെന്നാണ് പദ്മിനിയുടെ ആരോപണം.
നിലവില്‍ വഹിക്കുന്ന ന്യൂനപക്ഷ മോര്‍ച്ച വൈസ് പ്രസിഡന്റ് സ്ഥാനത്തും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ പാളയം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
മുന്‍ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പദ്മിനി തോമസിന്റെ രാജി പ്രഖ്യാപനം.
Related News