കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ 18 പേരെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ സി.ബി.ഐയും ശുക്കൂറിന്റെ കുടുംബവും ഒരുങ്ങുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയ രണ്ടാം പ്രതിയെ അടക്കം വെറുതെ വിട്ടിരുന്നു. വിധി സി.പി.എമ്മിന് ഒരേസമയം ആശ്വാസവും ആശങ്കയും നല്‍കുന്നതാണ്. കൊലപാതക ഗൂഢാലോചനയില്‍ ആരോപണവിധേയരായ പ്രമുഖ നേതാക്കളെ കോടതി കുറ്റവിമുക്തരാക്കിയപ്പോള്‍, ശിക്ഷിക്കപ്പെട്ടവരില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമുണ്ടെന്നതാണ് പാര്‍ട്ടിയെ കുഴക്കുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് ഈ വിധി. 14 വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പുറത്തുവന്ന വിധി കേരളത്തിന്റെ രാഷ്ട്രീയനിയമ ചരിത്രത്തിലെ നിര്‍ണായക അധ്യായമാണ്. സി.പി.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കുറ്റവിമുക്തരാക്കിയ കോടതി, കേസില്‍ 13 പേരെ കുറ്റക്കാരായി കണ്ടെത്തി. 18 പേരെ വെറുതെവിട്ടു. രണ്ട് പ്രതികള്‍ വിചാരണക്കാലത്ത് മരിച്ചിരുന്നു.
2012 ഫെബ്രുവരി 20നാണ് മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രവര്‍ത്തകനായ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്നത്തെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും മുന്‍ എം.എല്‍.എ ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് കൊലപാതകമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇരുവരും ചികിത്സയിലായിരുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ഗൂഢാലോചന നടന്നുവെന്നായിരുന്നു സി.ബി.ഐയുടെ പ്രധാന ആരോപണം. എന്നാല്‍ ഈ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ നിലപാട്. കേസിന്റെ വിചാരണയില്‍ നിര്‍ണായക സാക്ഷികളുടെ അസാന്നിധ്യവും ചില സാക്ഷികള്‍ മൊഴിമാറ്റിയതും പ്രോസിക്യൂഷന് തിരിച്ചടിയായി. സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍ വാദിക്കുമ്പോള്‍ കള്ളസാക്ഷികളെ ഉള്‍പെടുത്തിയെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം.
ആശുപത്രിയിലെ ഗൂഢാലോചന തെളിയിക്കുന്നതില്‍ വന്ന വീഴ്ചയും ഇലക്ട്രോണിക് തെളിവുകളിലെ അപാകതകളും നേതാക്കളെ വിട്ടയക്കാന്‍ കാരണമായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴുപേര്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് ശിക്ഷ ലഭിച്ചത്.
വിധി സി.പി.എം നേതൃത്വത്തിന് രാഷ്ട്രീയമായി വലിയ ആശ്വാസമാണ്. എന്നാല്‍ കണ്ണൂരിലെ സാധാരണ പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെടുകയും ആരോപണവിധേയരായ പ്രമുഖ നേതാക്കള്‍ കുറ്റവിമുക്തരാവുകയും ചെയ്തതിലെ വൈരുധ്യം പാര്‍ട്ടിക്ക് അവഗണിക്കാനാവില്ല. മറുവശത്ത്, ഷുക്കൂറിന്റെ കുടുംബത്തിനും മുസ്‌ലിം ലീഗ് നേതൃത്വത്തിനും വിധി പൂര്‍ണനീതിയായിട്ടില്ലെന്ന ആശങ്കയുണ്ട്.
രണ്ടാം പ്രതി ഗണേശനെ കുറ്റവിമുക്തനാക്കിയതിനെതിരെയും അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐ പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Related News