ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രീത് വിഹാറില്‍ കഫേയില്‍ നടന്ന അര്‍ധരാത്രി പാര്‍ട്ടിക്കുശേഷം 22 വയസ്സുകാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
പരാതിക്കാരിയും പ്രതികളും കര്‍ക്കര്‍ദൂമയിലെ ക്രോസ് റിവര്‍ മാളിലുള്ള കഫേ 8 ജീവനക്കാരാണ്. തിങ്കളാഴ്ച രാത്രി പരാതിക്കാരിയുള്‍പ്പെടെ എട്ട് ജീവനക്കാര്‍ പ്രീത് വിഹാറിലെ സാള്‍ട്ടനേറ്റ് കഫേയില്‍ ഒത്തുകൂടി പാര്‍ട്ടി നടത്തിയിരുന്നു. രാത്രി 11.30ന് അടയ്ക്കാറുള്ള കഫേ ജീവനക്കാരിലൊരാളുടെ കൈവശം താക്കോലുണ്ടായിരുന്നതിനാല്‍ പിന്നീട് വീണ്ടും തുറന്ന് പാര്‍ട്ടി തുടര്‍ന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
പാര്‍ട്ടിക്കിടെ സംഘം മദ്യപിച്ചതായും പുലര്‍ച്ചെ 3.30ഓടെ കഫേയില്‍നിന്ന് പുറത്തുപോയതായും പൊലീസ് പറയുന്നു. ഇതിനുപിന്നാലെ രണ്ട് പുരുഷ സഹപ്രവര്‍ത്തകര്‍ തന്നെ ബലാത്സംഗം ചെയ്തതായും മറ്റ് സഹപ്രവര്‍ത്തകര്‍ ഇവര്‍ക്ക് പിന്തുണ നല്‍കിയതായും യുവതി പരാതിപ്പെട്ടു.
സംഭവത്തില്‍ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് പേരാണ് അറസ്റ്റിലായത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിവരികയാണ്. മജിസ്‌ട്രേറ്റിന് മുന്നിലും മൊഴി രേഖപ്പെടുത്തും.
സംഭവത്തിന് പിന്നാലെ യുവതി ഉടന്‍ പൊലീസിനെ സമീപിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. യുവതി ഒരു പുരുഷ സുഹൃത്തും മറ്റ് രണ്ട് സ്ത്രീകളും ഒപ്പമുള്ള വാഹനത്തില്‍ കഫേയില്‍നിന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ 5.45ഓടെയാണ് യുവതി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
Related News