റിയാദ്: പൊതുവേദികളില്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാനും ആശയവിനിമയ ശേഷിയും നേതൃത്വപാടവവും വികസിപ്പിക്കാനും ലക്ഷ്യമിട്ട് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (CIGI) റിയാദ് ചാപ്റ്ററിന്റെ ക്രിയേറ്റീവ് ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ (CLP) ഭാഗമായി സംഘടിപ്പിച്ച ഏകദിന സ്പീച്ച് ക്രാഫ്റ്റ് ശില്‍പശാല ശ്രദ്ധേയമായി.
ബത്തയിലെ അപ്പോളോ ഡിമോറയില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ പ്രഗത്ഭരായ പരിശീലകരുടെ നേതൃത്വത്തില്‍ ആറ് പരിശീലന സെഷനുകള്‍ നടന്നു. പൊതുപ്രസംഗത്തിന്റെ പ്രാധാന്യം, പ്രസംഗവിഷയം തിരഞ്ഞെടുക്കുന്ന രീതി, പ്രസംഗത്തിന്റെ തയ്യാറെടുപ്പും ഘടനയും, ലക്ഷ്യബോധത്തോടെയുള്ള അവതരണം, ശരീരഭാഷ, ശബ്ദവിന്യാസം, പ്രചോദനാത്മകമായ വാക്കുകളുടെ പ്രയോഗം തുടങ്ങിയ വിഷയങ്ങള്‍ പരിശീലനത്തിന്റെ ഭാഗമായി.
മെമ്പര്‍ഷിപ്പ് സെക്രട്ടറി മുഹമ്മദ് നൗഷീര്‍ ഖുര്‍ആന്‍ സന്ദേശം നല്‍കി ആരംഭിച്ച പരിപാടിയില്‍ അബ്ദുല്‍ അസീസ് തങ്കയത്തില്‍ സ്പീച്ച് ക്രാഫ്റ്റിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും പരിചയപ്പെടുത്തി.
സിജി റിയാദ് മുന്‍ ചെയര്‍മാന്‍ DTM നവാസ് റഷീദിന്റെ നേതൃത്വത്തില്‍ നടന്ന ശില്‍പശാലയില്‍ പ്രമുഖ ടോസ്റ്റ്മാസ്റ്റര്‍മാരായ സലീം പള്ളിയില്‍, മുനീര്‍ കൊടുങ്ങല്ലൂര്‍, ഹാജര്‍ അഷ്‌റഫ്, ഇബ്രാഹിം സുബ്ഹാന്‍ എന്നിവര്‍ വിവിധ പരിശീലന സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
പഠനത്തോടൊപ്പം പ്രായോഗിക പരിശീലനത്തിനും പ്രാധാന്യം നല്‍കിയ ശില്‍പശാലയില്‍, പങ്കാളികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് മെന്റര്‍മാരുടെ മാര്‍ഗനിര്‍ദേശത്തോടെ പ്രസംഗങ്ങള്‍ തയ്യാറാക്കാനും അവതരിപ്പിക്കാനും അവസരമൊരുക്കി. ഓരോ അവതരണത്തിനുശേഷവും പരിശീലകരുടെ വിലയിരുത്തലുകളും ക്രിയാത്മക നിര്‍ദേശങ്ങളും പ്രസംഗശേഷി മെച്ചപ്പെടുത്താന്‍ സഹായകമായി.
വേദിയെ അഭിമുഖീകരിക്കാനുള്ള ഭയം മറികടക്കുന്നതിനും ആശയങ്ങള്‍ വ്യക്തമായും ഫലപ്രദമായും അവതരിപ്പിക്കുന്നതിനും ഉതകുന്ന രീതിയിലായിരുന്നു പരിശീലനം. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും വാക്ചാതുരി വികസിപ്പിക്കുന്ന രസകരമായ മത്സരങ്ങളും ശില്‍പശാലയെ കൂടുതല്‍ സജീവമാക്കി.
രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടുനിന്ന ശില്‍പശാല പങ്കാളികളുടെ സജീവമായ ഇടപെടലുകളാല്‍ സമ്പന്നമായി. സിജിയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചീഫ് കോര്‍ഡിനേറ്റര്‍ മുസ്തഫ മാനന്തേരി വിശദീകരിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സിജി റിയാദ് ലീഡര്‍മാരായ അബ്ദുല്‍ നിസാര്‍, അമീര്‍ ഖാന്‍, അലി സൈനുദ്ദീന്‍, ഷീബ അസീസ് എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
സി.എല്‍.പി. എഡ്യുക്കേഷണല്‍ സെക്രട്ടറി സമീര്‍ മാളിയേക്കല്‍ സ്വാഗതവും ലോജിസ്റ്റിക്‌സ് സെക്രട്ടറി അബൂബക്കര്‍ മഞ്ചേരി നന്ദിയും പറഞ്ഞു.