ദുബായ്: വാഹനങ്ങള്‍ക്ക് മഴയിലുണ്ടായ കേടുപാടുകള്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് മറച്ചുവെക്കുന്ന യുഎഇയിലെ വാഹന ഉടമകള്‍ക്ക് ഭാവിയില്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് മഴക്കെടുതി ബാധിച്ച വാഹനങ്ങളുടെ കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നയങ്ങള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് പോളിസിബസാര്‍ ഡോട്ട് എഇ ജനറല്‍ ഇന്‍ഷുറന്‍സ് ചീഫ് ബിസിനസ് ഓഫീസര്‍ തോഷിത ചൗഹാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മഴയില്‍ കേടുപാടുകള്‍ സംഭവിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിവരങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികളെ അറിയിക്കാറില്ലെന്നും ഇത്തരം വാഹനങ്ങള്‍ പിന്നീട് ഉപയോഗിച്ച വാഹനങ്ങളുടെ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്താറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. വാഹനം ഓടിക്കാന്‍ സാധിക്കുന്ന അവസ്ഥയിലായതിനാല്‍ പലപ്പോഴും വാങ്ങുന്നവര്‍ക്ക് മുന്‍പുണ്ടായ കേടുപാടുകള്‍ തിരിച്ചറിയാന്‍ സാധിക്കാറില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ യുഎഇയില്‍ രണ്ട് വലിയ മഴക്കെടുതികളാണ് ഉണ്ടായത്. 2024 ഏപ്രിലില്‍ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. അന്ന് അല്‍ ഐനില്‍ 24 മണിക്കൂറിനുള്ളില്‍ 254 മില്ലിമീറ്റര്‍ മഴ പെയ്തിരുന്നു. ഇതിന് മുന്‍പ് 2022 ജൂലൈയില്‍ ഫുജൈറയില്‍ രണ്ട് ദിവസത്തിനുള്ളില്‍ 255.2 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. 2024 ഏപ്രില്‍ 16-നുണ്ടായ റെക്കോര്‍ഡ് മഴയില്‍ രാജ്യത്തുടനീളം ഏകദേശം ഒരു ലക്ഷത്തോളം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരുടെ കണക്ക്. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ നിരവധി വാഹനങ്ങള്‍ നന്നാക്കാന്‍ കഴിയാത്തവിധം നശിച്ചതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളിയിരുന്നു.
വാഹനത്തിന്റെ പഴയകാല ചരിത്രം കൃത്യമായി വിലയിരുത്തി പോളിസി നല്‍കുന്നതിനാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇപ്പോള്‍ മുന്‍പുണ്ടായ മഴക്കെടുതികളെക്കുറിച്ച് ചോദിച്ചറിയുന്നത്. ഭാവിയിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനായി വാഹനത്തിന് മുന്‍പുണ്ടായ കേടുപാടുകളും ക്ലെയിമുകളും കൃത്യമായി വെളിപ്പെടുത്തണമെന്ന് തോഷിത ചൗഹാന്‍ ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചു.
എല്ലാ സാഹചര്യങ്ങളിലും ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാറില്ലെങ്കിലും, ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ വാഹനത്തിന്റെ ഷാസി നമ്പറിനെതിരെ എന്തെങ്കിലും മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലോ, ഇന്‍ഷുറന്‍സ് പുതുക്കുന്നതില്‍ കാലതാമസം വന്നിട്ടുണ്ടെങ്കിലോ, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്‍ നിന്ന് കോംപ്രിഹെന്‍സീവ് കവറേജിലേക്ക് മാറുമ്പോഴോ കമ്പനികള്‍ വിശദാംശങ്ങള്‍ തേടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനത്തിന്റെ നിലവിലെ അവസ്ഥ പരിശോധിക്കുന്നതിനായി വെഹിക്കിള്‍ ടെസ്റ്റിംഗ് റിപ്പോര്‍ട്ട് ആവശ്യപ്പെടാനും സാധ്യതയുണ്ട്. കേടുപാടുകളുടെ വ്യാപ്തി അനുസരിച്ച് ഇത്തരം വാഹനങ്ങള്‍ക്ക് കോംപ്രിഹെന്‍സീവ് കവറേജ് നിഷേധിക്കാനും നിയമപരമായി നിര്‍ബന്ധമുള്ള തേര്‍ഡ് പാര്‍ട്ടി പോളിസി മാത്രം നല്‍കാനും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തീരുമാനിക്കാം. അതേസമയം, മഴക്കെടുതി ബാധിച്ച കാറുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ കഴിഞ്ഞ ആറ് മുതല്‍ എട്ട് മാസത്തിനിടെ വര്‍ദ്ധനവുണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
Related News