ദുബായ്: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലഭിച്ച സമ്മാനത്തുകയുടെ തന്റെ വിഹിതം മുഴുവന്‍ കേരളത്തിലുള്ള കുടുംബത്തിന് അയച്ചുനല്‍കാന്‍ ഒരുങ്ങുകയാണ് ഉമ്മുല്‍ ഖുവൈനില്‍ താമസിക്കുന്ന 46-കാരനായ മലയാളി പ്രവാസി. കഴിഞ്ഞ 18 വര്‍ഷമായി യുഎഇയില്‍ ഫോര്‍മാനായി ജോലി ചെയ്യുന്ന ജോജി വര്‍ഗീസിനാണ് നവംബറിലെ രണ്ടാമത്തെ പ്രതിവാര ഇ-ഡ്രോയില്‍ 25,000 ദിര്‍ഹം സമ്മാനം ലഭിച്ചത്. ഈ നറുക്കെടുപ്പില്‍ 25,000 ദിര്‍ഹം വീതം നേടിയ നാല് ഇന്ത്യന്‍ പ്രവാസികളില്‍ ഒരാളാണ് ജോജി വര്‍ഗീസ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ജോജി വര്‍ഗീസ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ടിക്കറ്റ് നമ്പറിന് സമ്മാനം ലഭിച്ചതിന്റെ വലിയ സന്തോഷത്തിലാണ് ജോജിയും സുഹൃത്തുക്കളും. എല്ലാവര്ക്കും ഒരുമിച്ച് ആഘോഷിക്കാനുള്ള മനോഹരമായ നിമിഷമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു.
25,000 ദിര്‍ഹം എന്ന സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കുമ്പോള്‍ ലഭിക്കുന്ന തന്റെ വിഹിതം പൂര്‍ണ്ണമായും നാട്ടിലുള്ള കുടുംബത്തിന് നല്‍കാനാണ് ജോജിയുടെ തീരുമാനം. വര്‍ഷങ്ങളായി പ്രവാസജീവിതം നയിക്കുമ്പോഴും നാട്ടിലുള്ള കുടുംബത്തിനാണ് താന്‍ എപ്പോഴും പ്രഥമ പരിഗണന നല്‍കുന്നതെന്നും, അവരെ സഹായിക്കാന്‍ ഈ വിജയം വലിയൊരു അവസരമായെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം തങ്ങള്‍ക്കും ഭാഗ്യം തെളിയുമെന്ന പ്രതീക്ഷ നല്കിയ ബിഗ് ടിക്കറ്റിനോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ മാസത്തില്‍ ഇനി രണ്ട് പ്രതിവാര ഇ-ഡ്രോകള്‍ കൂടി ബാക്കിയുണ്ടെന്നും ഓരോ നറുക്കെടുപ്പിലും നാല് വിജയികള്‍ക്ക് 25,000 ദിര്‍ഹം വീതം ലഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
Related News