കൊച്ചി: ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്ററി പോര്‍ട്ട്‌ഫോളിയോ കമ്മിറ്റി അംഗങ്ങള്‍ എറണാകുളം കളക്ടറേറ്റ് സന്ദര്‍ശിച്ചു. കേരളത്തിലെ ഭൂപരിഷ്‌കരണ നയങ്ങളും ഭരണസംവിധാനവും സംബന്ധിച്ച് കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ നടന്ന പ്രത്യേക സെഷനുകളില്‍ പ്രതിനിധി സംഘം പങ്കെടുത്തു.
രണ്ട് സെഷനുകളിലായി കേരള റവന്യൂ വകുപ്പിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് (ILDM) സംഘടിപ്പിച്ച ആശയവിനിമയ പരിപാടികള്‍ നടന്നു. ഉച്ചയ്ക്ക് ശേഷം സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ (CDS) ആഭിമുഖ്യത്തില്‍ മൂന്നാം സെഷനും നടന്നു.
നവംബര്‍ 24 മുതല്‍ 28 വരെയാണ് സമിതിയുടെ സന്ദര്‍ശനം. സമിതി അധ്യക്ഷനും പാര്‍ലമെന്റ് അംഗവുമായ മങ്കാക്ക ആല്‍ബര്‍ട്ട് എന്‍ക്വാങ്കോ നയിക്കുന്ന സംഘത്തില്‍ ഒന്‍പത് പാര്‍ലമെന്റ് അംഗങ്ങളും കമ്മിറ്റി സെക്രട്ടറി ലുവാസി ബെന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമാണുള്ളത്. ന്യൂഡല്‍ഹിയിലെ ദക്ഷിണാഫ്രിക്കന്‍ ഹൈക്കമ്മീഷന്റെ നിര്‍ദേശപ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പഠനസന്ദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക പ്രതിനിധി സംഘവുമായി സംവദിച്ചു. സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടര്‍ ജെ.ഒ. അരുണ്‍, ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി. റെജില്‍, ഐ.എല്‍.ഡി.എം. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇ.എം. സഫീര്‍, തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രതിനിധികളായ സൂരജ് ജേക്കബ്, എം. പരമേശ്വരന്‍ എന്നിവര്‍ സെഷനുകള്‍ നയിച്ചു.
Related News