ബെംഗളൂരു: നഗരത്തിലെ മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഔട്ടർ റിങ് റോഡിലൂടെയുള്ള ഫേസ് 2എ പാതയിൽ കെ.ആർ. പുരം മുതൽ മഹാദേവപുര വരെയുള്ള ആദ്യ നാല് സ്റ്റേഷനുകളിലാണ് ചൊവ്വാഴ്ച പരീക്ഷണ ഓട്ടം തുടങ്ങിയത്. 2027 മധ്യത്തോടെ യാത്രക്കാർക്കായി സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരേ ഗൗഡ അറിയിച്ചു.
ദൊദ്ദനേക്കുണ്ടി മെട്രോ സ്റ്റേഷനിലെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആദ്യ നാല് സ്റ്റേഷനുകളിലെ പരിശോധന ഈ മാസം തുടരും. അടുത്ത മാസം നാല് സ്റ്റേഷനുകളിലേക്ക് കൂടി പരീക്ഷണ ഓട്ടം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ബെംഗളൂരുവിലെ പ്രധാന തൊഴിൽ-ഗതാഗത ഇടനാഴിയായ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്കിന് ദീർഘകാല പരിഹാരമാകുന്നതാണ് ബ്ലൂ ലൈൻ. ഈ മേഖലയിൽ ഏകദേശം 11-12 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മെട്രോ യാഥാർഥ്യമാകുന്നതോടെ ആയിരക്കണക്കിന് ജീവനക്കാരുടെ യാത്ര സുഗമമാകുന്നതിനൊപ്പം നഗരത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.
കെ.ആർ. പുരം മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെ നീളുന്ന 19 കിലോമീറ്റർ ഫേസ് 2എ പാതയിൽ 13 സ്റ്റേഷനുകളാണുള്ളത്. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം സ്ഥാപിക്കുന്ന പ്രവൃത്തി ഇനിയും പൂർത്തിയാകാനുണ്ട്. ജനുവരിയോടെ സിഗ്നലിങ് ജോലികൾ പൂർത്തിയാക്കി ഫെബ്രുവരിക്ക് ശേഷം സുരക്ഷാ പരിശോധനകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. സുരക്ഷാ സർട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് ഏഴ് മുതൽ എട്ട് മാസം വരെ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
കെ.ആർ. പുരം-ഹെബ്ബാൾ മേഖലയിലെ നിർമാണം വേഗത്തിലാക്കാൻ കരാറുകാരുമായി കൂടുതൽ ഏകോപനം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കെ.ആർ. പുരം, ഹെബ്ബാൾ വഴി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ നീളുന്ന 58.2 കിലോമീറ്റർ ബ്ലൂ ലൈൻ പദ്ധതിക്ക് ഏകദേശം 20,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുഴുവൻ പാതയും അടുത്ത ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മെട്രോ വികസനത്തിനുള്ള സാമ്പത്തിക സമ്മർദങ്ങൾക്കിടയിലും പദ്ധതികൾ മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ ഫണ്ട് അനുവദിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related News