കൊണ്ടോട്ടി: അംബാസിഡര്‍ ബിസിനസ് ക്ലബ് കൊണ്ടോട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'Let's Talk Our Business' എന്ന പേരില്‍ വിപുലമായ ബിസിനസ് സംഗമം സംഘടിപ്പിച്ചു. കൊണ്ടോട്ടി പുളിയംപറമ്പിലെ ആന്‍ഡലൂസ് മെഡികെയര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഗഫൂര്‍ ഹാജി അച്ഛനമ്പലം (ജനത ബസാര്‍) അധ്യക്ഷത വഹിച്ചു. ഹമീദ് വാഴക്കാട് (ചാലിയാര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍) ഉദ്ഘാടനം നിര്‍വഹിച്ചു.
തുടര്‍ന്ന് നടന്ന സെഷനില്‍ കെ.ടി. അബ്ദുല്‍ റഹീം ഫൈസി (ജിദ്ദ) കൂട്ടായ്മയിലൂടെ ആരംഭിക്കാവുന്ന ബിസിനസ് സംരംഭങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഹംസ ചാത്രത്തൊടി പ്രവാസലോകത്തെ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. സി.കെ. ചിക്കന്‍ സ്റ്റാള്‍ ഉടമ സെയ്ദ് തന്റെ ദീര്‍ഘകാല ബിസിനസ് അനുഭവങ്ങളിലെ വിജയപരാജയങ്ങള്‍ സദസ്സുമായി പങ്കിട്ടു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ബിസിനസ് സംരംഭങ്ങളെക്കുറിച്ച് പരിചയപ്പെടുത്താന്‍ അബ്ദുല്‍ കരീം വാഴക്കാട് സമയം വിനിയോഗിച്ചു.
അംബാസിഡര്‍ ബിസിനസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനും കൂടുതല്‍ സംരംഭകരെ കൂട്ടായ്മയിലേക്ക് കൊണ്ടുവരാനും യോഗം തീരുമാനിച്ചു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരെയും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി സംരംഭകരെയും പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ വേദിയായി ക്ലബ്ബിനെ മാറ്റണമെന്നും യോഗം വിലയിരുത്തി.
നവംബര്‍ 28-ന് കണ്ണൂരില്‍ നടക്കുന്ന ബിസിനസ് മീറ്റിന് യോഗം ആശംസകളും പിന്തുണയും അറിയിച്ചു. മുസ്തഫ കെ.ടി. പെരുവള്ളൂര്‍ സ്വാഗതവും ഡോ. മുഹ്‌സിന്‍ നന്ദിയും പറഞ്ഞു. ഡിസംബര്‍ ആദ്യപകുതിയില്‍ കൂടുതല്‍ വിപുലമായ അടുത്ത പരിപാടി സംഘടിപ്പിക്കാനുള്ള തീരുമാനത്തോടെ യോഗം സമാപിച്ചു.
Related News