അല്‍ ഉല: മദീന പ്രവിശ്യയിലെ ഖൈബര്‍ ഗവര്‍ണറേറ്റില്‍ സ്ഥിതി ചെയ്യുന്ന ഹറത്ത് അല്‍ റാസ് അല്‍ അബ്യദ് പ്രകൃതി സംരക്ഷണ കേന്ദ്രം ദേശീയ സംരക്ഷിത പ്രദേശങ്ങളുടെ ഡാറ്റാബേസിലും വേള്‍ഡ് ഡാറ്റാബേസ് ഓഫ് പ്രൊട്ടക്റ്റഡ് ഏരിയാസിലും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് ഡെവലപ്മെന്റുമായി സഹകരിച്ച് റോയല്‍ കമ്മീഷന് ഫോര്‍ അല്‍ ഉലയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രദേശത്തെ അതുല്യമായ ജൈവവൈവിധ്യവും അപൂര്‍വ്വമായ ഭൂമിശാസ്ത്രപരമായ രൂപീകരണങ്ങളും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്.
600 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രം, ആകെ 12,107 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള അതോറിറ്റിയുടെ അപ്പാന് സംരക്ഷിത പ്രദേശ ശൃംഖലയിലെ ആറാമത്തെ കേന്ദ്രമാണ്. സംരക്ഷിത പ്രദേശങ്ങളുടെ വികസനം, പ്രകൃതിദത്ത ഘടകങ്ങളുടെ രേഖപ്പെടുത്തല്‍, സുസ്ഥിരത ഉറപ്പാക്കുന്ന ശാസ്ത്രീയ തത്വങ്ങള്‍ക്കനുസൃതമായ പരിപാലനം എന്നിവയാണ് ഈ രജിസ്ട്രേഷനിലൂടെ പ്രതിഫലിക്കുന്നത്.
അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വത മേഖലകളിലൊന്നായ ഹറത്ത് ഖൈബറിലാണ് ഈ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. വെളുത്ത അഗ്നിപര്‍വ്വതങ്ങളും കറുത്ത ബസാള്‍ട്ട് പാറക്കെട്ടുകളും ഒരുമിച്ച് കാണപ്പെടുന്ന അപൂര്‍വ്വ ഭൂപ്രകൃതിയാണ് ഇവിടുത്തെ സവിശേഷത. ജബല്‍ അല്‍ ബൈദ, ജബല്‍ അല്‍ അബ്യദ്, ജബല്‍ അല്‍ മന്‍സഫ് എന്നീ മൂന്ന് അപൂര്‍വ്വ വെള്ള അഗ്നിപര്‍വ്വതങ്ങള്‍ ഹറത്ത് ഖൈബറിലുണ്ട്. സൗദി അറേബ്യയിലെ ഏറ്റവും നീളം കൂടിയ ലാവാ ട്യൂബുകളിലൊന്നായ ഉമ്മ് ജിര്‍സാന്‍ ഗുഹയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 1,481 മീറ്റര്‍ നീളമുള്ള ഈ ഗുഹ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ സംരക്ഷിത പ്രദേശ പരിപാലനത്തിലെ മൂന്നാം വിഭാഗത്തിലാണ് ഈ കേന്ദ്രം ഉള്‍പ്പെടുന്നത്.
അതോറിറ്റി നടത്തിയ പ്രാഥമിക സര്‍വ്വേകളില്‍ ഏകദേശം 99 സസ്യജാലങ്ങള്‍, 14 സസ്തനികള്‍, 18 ഉരഗങ്ങള്‍, വംശനാശഭീഷണി നേരിടുന്ന ഈജിപ്ഷ്യന്‍ കഴുകന് ഉള്‍പ്പെടെ 59 പക്ഷിമൃഗാദികള്‍ എന്നിവയുടെ സാന്നിധ്യം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. മലയാടുകള്ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. 2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഐയുസിഎന്നുമായി സഹകരിച്ച് നടത്തിയ പാരിസ്ഥിതിക, ഭൂമിശാസ്ത്ര, സാംസ്കാരിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ 2024-2029 വര്‍ഷങ്ങളിലേക്കുള്ള ഒരു എക്സിക്യൂട്ടീവ് മാനേജ്മെന്റ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.
യുനെസ്കോയുടെ ഗ്ലോബല്‍ ജിയോപാര്ക്ക്സ് പ്രോഗ്രാം, ഐയുസിഎന്‍ ഗ്രീന്‍ ലിസ്റ്റ് എന്നിവയുടെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രദേശത്തിന് കൂടുതല്‍ അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ അതോറിറ്റി തുടരുകയാണ്. ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള റോയല്‍ കമ്മീഷന് ഫോര്‍ അല്‍ ഉലയുടെ പത്തുവര്‍ഷത്തെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടി. 2030-ഓടെ സൗദി അറേബ്യയുടെ കര, സമുദ്ര മേഖലകളുടെ 30 ശതമാനം സംരക്ഷിക്കുക എന്ന സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ലക്ഷ്യങ്ങള്‍ക്ക് ഈ നേട്ടം വലിയ കരുത്തേകും.