ന്യൂഡല്‍ഹി/അബുദാബി: റിയാദിലെ സാമ്പത്തിക മേഖലയിലുള്ള ടവറിന് നേരെ നവംബര്‍ 24-നുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പരിക്കേറ്റവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും റിയാദിലെ ഇന്ത്യന്‍ എംബസി ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിവരികയാണെന്ന് മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിലെ സിവിലിയന്‍, സാമ്പത്തിക, ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, മേഖലയില്‍ ഇറാന്റെയും ഇറാന്‍ പിന്തുണയുള്ള ഹൂതി സേനയുടെയും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പശ്ചിമേഷ്യയിലുടനീളമുള്ള അമേരിക്കന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ യുഎസ് മിഷന്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തുകയും, സൗദി അറേബ്യയിലെ സിവിലിയന്‍ വിമാനത്താവളങ്ങള്‍ക്കും പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഹൂതി സേന ആക്രമണം നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ആക്രമണങ്ങളില്‍ സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും യാത്രാ തടസ്സങ്ങള്‍ നേരിടുകയും ചെയ്തിട്ടുണ്ട്.
മേഖലയിലെ സംഘര്‍ഷങ്ങള്‍ അതിവേഗം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും, വിമാനങ്ങള്‍ റദ്ദാക്കാനും വ്യോമാതിര്‍ത്തി അടയ്ക്കാനും മറ്റ് യാത്രാ തടസ്സങ്ങള്‍ ഉണ്ടാകാനും സാധ്യതയുള്ളതിനാല്‍ അമേരിക്കന്‍ പൗരന്മാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും യുഎസ് മിഷന്‍ നിര്‍ദ്ദേശിച്ചു.
Related News