l o a d i n g

ബിസിനസ്

പ്രഥമ കേരള വ്യോമയാന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2025

കൊച്ചി: വ്യോമയാന വ്യവസായരംഗത്തെ കുതിപ്പ് കേരളത്തിന്റെ മൊത്തം വളര്‍ച്ചയിലേക്ക് നയിക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുമായി (ഫിക്കി) സഹകരിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) സംഘടിപ്പിച്ച പ്രഥമ കേരള വ്യോമയാന ഉച്ചകോടിയും (കേരള ഏവിയേഷന്‍ സമ്മിറ്റ് 2025) വിമാനത്താവളത്തിലെ പുതിയ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസ് (എ.പി.എച്ച്.ഒ) കെട്ടിടവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യോമയാന രംഗവുമായി ബന്ധപ്പെട്ട നൂതന വ്യവസായങ്ങളെയും നിക്ഷേപങ്ങളെയും പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാര്‍. ഒരു സിവില്‍ ഏവിയേഷന്‍ ഹബ്ബായി മാറാന്‍ ഏറെ സാധ്യതകള്‍ ഉള്ള നാടാണ് കേരളം.

വ്യോമയാന വ്യവസായ മേഖലയില്‍ വലിയ കുതിപ്പ് ഉണ്ടാക്കുന്നത് ലക്ഷ്യം വച്ചാണ് ഇത്തരമൊരു ഏവിയേഷന്‍ ഉച്ചകോടി സംഘടിപ്പിക്കുന്നത്. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, നയരൂപീകരണം, വിവിധ മേഖലകളുടെ സഹകരണം എന്നിവയ്ക്കുള്ള ഒരു പ്രധാന വേദിയായിട്ടാണ് ഈ ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ പ്രാദേശിക വ്യോമയാന ചര്‍ച്ചകളില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുക, ഈ മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപം പ്രോത്സാഹിപ്പിക്കുക, വ്യോമയാന മൂല്യ ശൃംഖലയില്‍ ഉടനീളം നവീകരണം സാധ്യമാക്കുക തുടങ്ങിയവയാണ് ഉച്ചകോടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

അതിവേഗം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകക്രമത്തിലാണ് നാം ജീവിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന വ്യാപാര ബന്ധങ്ങളും തന്ത്രപ്രധാനമായ വിനിമയങ്ങളും ഈ വ്യവസ്ഥയുടെ ബലതന്ത്രങ്ങളെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. അതിര്‍ത്തികള്‍ കടന്നുള്ള മനുഷ്യരുടെ സഞ്ചാരങ്ങള്‍ എളുപ്പമായതോടെയാണ് ലോകം മുന്നോട്ടു പോകുന്നതിന്റെ വേഗം കൂടിയത്. ഈ മാറ്റങ്ങള്‍ക്ക് വഴിവച്ചതില്‍ വ്യോമ ഗതാഗതങ്ങള്‍ക്കുള്ള പങ്ക് എടുത്തുപറയേണ്ടതാണ്. വ്യോമഗതാഗതം എന്നത് സഞ്ചാരത്തിനുള്ള മാര്‍ഗം എന്നതിലുപരി വലിയ വ്യവസായമായി മാറിയ കാലമാണിത്. നമ്മുടെ രാജ്യത്തെ വ്യോമയാന വ്യവസായവും വലിയ രീതിയില്‍ വളര്‍ന്നിരിക്കുന്നു. 2026 ആകുമ്പോഴേക്കും ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാനയാത്ര വിപണിയായി നമ്മുടെ രാജ്യം മാറും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വ്യോമയാന മേഖലയില്‍ ഒരു രൂപ ചെലവഴിക്കുമ്പോള്‍ അത് അനുബന്ധ മേഖലയില്‍ മൂന്നു രൂപ 25 പൈസയുടെ പ്രതിഫലനം ഉണ്ടാകും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ മേഖലയില്‍ ഒരു തൊഴിലവസരം സൃഷ്ടിച്ചാല്‍ അനുബന്ധ മേഖലയില്‍ 6 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അതുകൊണ്ട് വ്യോമയാന വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്കായി ആസൂത്രിതമായ ഇടപെടലുകള്‍ വേണ്ടതുണ്ട്. വ്യോമയാന വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അനുകൂല നയങ്ങള്‍ നടപ്പിലാക്കുകയും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വിമാനയാത്ര ജനകീയമാക്കുന്നതിന് എല്ലാവര്‍ക്കും യാത്ര ചെലവും പ്രവര്‍ത്തന ചെലവും ഗണ്യമായി കുറയ്ക്കുന്നതിന് ഇടപെടലുകള്‍ വേണം.

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് വിമാനത്താവളങ്ങള്‍ നല്‍കിയ പങ്ക് വലുതാണ്. കേരളം കൈവരിച്ച സാമൂഹ്യ പുരോഗതിയില്‍ വലിയ പങ്കുള്ളവരാണ് പ്രവാസികള്‍. അവരുടെ സഞ്ചാരങ്ങള്‍ എളുപ്പമാക്കുന്നതിനും സൗകര്യങ്ങള്‍ നല്‍കുന്നതിലും ഇവിടുത്തെ വിമാനത്താവളങ്ങള്‍ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. അതില്‍ തന്നെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വ്യോമയാന വ്യവസായത്തിന് ജനകീയമായ മാതൃക തീര്‍ത്ത സ്ഥാപനമാണ്. സിയാല്‍ കഴിഞ്ഞ നാലു വര്‍ഷത്തില്‍ മുപ്പതിനായിരത്തില്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വരുംകാലങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള സാങ്കേതികവിദ്യാ മാറ്റങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിന്റെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന് വേണ്ടി സിയാല്‍ 2.0
എന്ന പദ്ധതിയും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ടെര്‍മിനല്‍ ത്രീ വിപുലീകരണവും, കൊമേഷ്യല്‍ സോണ്‍ നിര്‍മ്മാണവും ഗോള്‍ഫ് ടൂറിസം പ്രോജക്റ്റും പുരോഗമിക്കുന്നു.

നിലവില്‍ സംസ്ഥാനത്തിന്റെ ജിഡിപിയുടെ പത്ത് ശതമാനം വിനോദസഞ്ചാര മേഖല വഴിയാണ് വരുന്നത്. വ്യോമയാന വ്യവസായ മേഖലകള്‍ വളരുന്നതോടെ ടൂറിസവും കൂടുതല്‍ ഉയരങ്ങളിലേക്ക് പോകും. സീ പ്ലെയിന്‍ ആരംഭിച്ചുകൊണ്ട് തീരദേശ മേഖല ആകെ ബന്ധിപ്പിച്ചുള്ള പദ്ധതികള്‍ക്കും നമ്മള്‍ തുടക്കമിട്ടു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

സിയാല്‍ നിര്‍മിച്ച നൂതന സംവിധാനങ്ങളോടുകൂടിയ ആരോഗ്യ സ്‌ക്രീനിംഗ് ബ്ലോക്ക് വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസിന് കൈമാറുകയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസ് യെല്ലോ ഫീവര്‍ വാക്‌സിനേഷനും മറ്റു പകര്‍ച്ചവ്യാധികള്‍ക്കുമുള്ള സ്‌ക്രീനിംഗ് സെന്ററായി പ്രവര്‍ത്തിച്ചുവരികയാണ്. അവരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് ഈ ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഏഴ് നെഗറ്റീവ് പ്രഷര്‍ ക്വാറന്റൈന്‍ റൂമുകള്‍ അടങ്ങുന്ന ഒരു വലിയ സംവിധാനമാണ് ഇത്. അതില്‍ രണ്ടു വി.ഐ.പി യൂണിറ്റുകളും ഉള്‍ക്കൊള്ളുന്നു.
ആരോഗ്യരംഗത്ത് കേരളം കാത്തുസൂക്ഷിക്കുന്ന ജാഗ്രതയുടെയും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ കാണിക്കുന്ന സന്നദ്ധതയുടെയും തെളിവാണ് ഈ ബ്ലോക്ക് എന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസ് ആരോഗ്യ കേന്ദ്രത്തിന്റെ താക്കോല്‍ദാനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. ബെന്നി ബഹനാന്‍ എം.പി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ്, സിയാല്‍ ഡയറക്ടര്‍മാരായ അരുണ സുന്ദര്‍രാജന്‍, എന്‍. വി. ജോര്‍ജ്, വര്‍ഗീസ് ജേക്കബ്, ഡെപ്യുട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡോ. എസ്. സെന്തില്‍ നാഥന്‍, ഫിക്കി സീനിയര്‍ ഡയറക്ടര്‍ മനോജ് മേത്ത, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു എന്നിവരും പങ്കെടുത്തു.

കേരളത്തിലെ വ്യോമയാന സൗകര്യങ്ങളും നിക്ഷേപക സാധ്യതകളും പ്രയോജനപ്പെടുത്തുക, കേരളത്തെ ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റുക, പ്രാദേശിക ഏവിയേഷന്‍, ലോജിസ്റ്റിക്‌സ് ഹബ് എന്നിവ ശക്തിപ്പെടുത്തുക,ഡിജിറ്റല്‍ എയര്‍ ട്രാവല്‍, എം.ആര്‍.ഓ ഇക്കോ സിസ്റ്റം എന്നിവയെ കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ഏവിയേഷന്‍ മേഖലയിലെ തന്ത്രപ്രധാന മാറ്റങ്ങള്‍, നയരൂപീകരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ ഉച്ചകോടി ചര്‍ച്ച ചെയ്യും.

ഉച്ചകോടി ഇന്ന് (ഞായറാഴ്ച 24) സമാപിക്കും. ഉച്ചയ്ക്ക് 12 നു സമാപന സമ്മേളനം കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026