ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ തലയൂരി കേന്ദ്രസര്‍ക്കാര്‍. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് യാതൊരു പങ്കുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞെടുത്തത് മുംബൈയിലെ അഫ്ഗാനിസ്ഥാന്റെ കോണ്‍സുല്‍ ജനറലാണെന്നും വാര്‍ത്താസമ്മേളനം നടന്ന അഫ്ഗാന്‍ എംബസി പ്രദേശം ഇന്ത്യന്‍ സര്‍ക്കാരിന്റെ അധികാരപരിധിക്കുള്ളില്‍ വരില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസിയിലായിരുന്നു മുത്തഖിയുടെ വാര്‍ത്താസമ്മേളനം. വനിതകളെ ഒഴിവാക്കിയ നടപടിക്കെതിരേ അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. ടിഎംസി എം.പി മഹുവാ മൊയിത്ര, കോണ്‍ഗ്രസ് എം.പി പ്രിയങ്കാ ഗാന്ധി വാദ്ര, പി. ചിദംബരം തുടങ്ങിയ രാഷ്ട്രീയപ്രവര്‍ത്തകരും നിരവധി മാധ്യമപ്രവര്‍ത്തകരും ഇതിനെതിരേ രംഗത്തെത്തിയിരുന്നു.
Related News