റിയാദ്: സുഡാനിലെ അല്‍-കുവൈക്ക് മിലിട്ടറി ഹോസ്പിറ്റല്‍, വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ദുരിതാശ്വാസ വാഹനവ്യൂഹം, പലായനം ചെയ്ത സിവിലിയന്മാരുമായി പോയ ബസ് എന്നിവയ്ക്ക് നേരെ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് നടത്തിയ ക്രൂരമായ ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഡസന്‍ കണക്കിന് നിരായുധരായ സാധാരണക്കാര്‍ കൊല്ലപ്പെട്ട ഈ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് സൗദി അറേബ്യ പ്രസ്താവനയില്‍ പറഞ്ഞു.
നോര്‍ത്ത്, സൗത്ത് കോര്‍ഡോഫാന്‍ മേഖലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഇത് മാനുഷിക നിയമങ്ങളുടെയും അന്താരാഷ്ട്ര കരാറുകളുടെയും നഗ്‌നമായ ലംഘനമാണെന്ന് സൗദി ചൂണ്ടിക്കാട്ടി.
2023 മെയ് 11-ന് ഒപ്പുവെച്ച ജിദ്ദ പ്രഖ്യാപനം അനുസരിച്ച് സിവിലിയന്മാരെ സംരക്ഷിക്കാനും ദുരിതാശ്വാസ സഹായം തടസ്സമില്ലാതെ എത്തിക്കാനുമുള്ള നൈതികവും മാനുഷികവുമായ ഉത്തരവാദിത്തം ആര്‍.എസ്.എഫ് പാലിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു.
സുഡാന്റെ ഐക്യത്തിനും സുസ്ഥിരതയ്ക്കും വേണ്ടി നിലകൊള്ളുന്ന സൗദി അറേബ്യ, വിദേശ ഇടപെടലുകളെയും നിയമവിരുദ്ധമായ ആയുധങ്ങളുടെയും കൂലിപ്പട്ടാളത്തിന്റെയും വരവിനെയും ശക്തമായി എതിര്‍ത്തു. ഇത്തരം ഇടപെടലുകള്‍ സുഡാനിലെ സംഘര്‍ഷം നീണ്ടുനില്‍ക്കാന്‍ മാത്രമേ സഹായിക്കൂ എന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മുസ്ലിം വേള്‍ഡ് ലീഗും ഈ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. ദുരിതാശ്വാസ വാഹനവ്യൂഹങ്ങളെ ലക്ഷ്യം വെക്കുന്നത് എല്ലാ മതപരമായ മൂല്യങ്ങള്‍ക്കും മാനുഷിക തത്വങ്ങള്‍ക്കും വിരുദ്ധമാണെന്ന് വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍-ഈസ പറഞ്ഞു. സിവിലിയന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Related News