ദമ്മാം: പ്രവാസത്തിന്റെ വിരഹവും മാതൃസ്‌നേഹത്തിന്റെ ആര്‍ദ്രതയും മലയാള കവിതകളില്‍ അടയാളപ്പെടുത്തിയ പ്രമുഖ കവിയും നാടകകൃത്തുമായ ടി.കെ. അലി പൈങ്ങോട്ടായിക്ക് ദമ്മാമിലെ കലാ-സാഹിത്യ കൂട്ടായ്മയായ ജാം ക്രിയേഷന്‍ സ്‌നേഹാദരവ് നല്‍കി. ഹ്രസ്വസന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയ അദ്ദേഹത്തെ ദമ്മാം റോസ് ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രവാസിയുടെ കനല്‍വഴികളിലെ കവിത
പ്രവാസലോകത്തിന്റെ നോവുകള്‍ അതേ തീവ്രതയോടെ വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ടി.കെ. അലി പുലര്‍ത്തുന്ന മികവിനെ ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രകീര്‍ത്തിച്ചു. അദ്ദേഹത്തിന്റെ വിഖ്യാതമായ 'സ്‌നേഹപൂര്‍വ്വം അമ്മയ്ക്ക്' എന്ന കവിതയിലെ വരികള്‍ ചടങ്ങില്‍ വികാരാധീനമായ ഓര്‍മ്മകളായി.
'അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ അരികെവാ എന്നോതി മാടിവിളിക്കവേ അതുകെട്ടോരടിയും ചലിക്കുവാന്‍ കഴിയാതെ അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്...'
അദ്ദേഹത്തിന്റെ ശിഷ്യനും കവിയുമായ സഈദ് ഹമദാനി വടുതല അലി പൈങ്ങോട്ടായിയുടെ രചനകളുടെ വൈഭവത്തെക്കുറിച്ച് സംസാരിച്ചു. ഗായകനും ഗസലിസ്റ്റുമായ റഊഫ് ചാവക്കാട് അലി പൈങ്ങോട്ടായിയുടെ കവിതകള്‍ ആലപിക്കുകയും അവയുടെ ഉള്‍പ്പൊരുളുകള്‍ സദസ്സിന് വിശദീകരിക്കുകയും ചെയ്തു.
നന്മയുടെ പക്ഷം ചേരുന്ന കലയും സാഹിത്യവും കേവലം വിനോദത്തിനപ്പുറം സമൂഹത്തില്‍ നന്മയുടെ വിത്തുകള്‍ പാകുന്നതാകുമെന്ന് മറുപടി പ്രസംഗത്തില്‍ ടി.കെ. അലി പറഞ്ഞു. തന്റെ ഓരോ രചനയിലും മാനുഷികമായ നന്മയുടെ ഒരു സന്ദേശമെങ്കിലും ഉണ്ടാവണമെന്ന് താന്‍ നിര്‍ബന്ധം പിടിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ഹമായ പ്രതിഫലം എന്നത് കലാകാരന്റെ അര്‍ഹതയാണെന്നും സാമ്പത്തിക നേട്ടത്തിനായി കലാ സൃഷ്ടിയെ ഉപയോഗിക്കുന്നവരില്‍ നിന്നും അര്‍ഹമായ കൂലി വാങ്ങുന്നത് തെറ്റല്ലെന്നും അത് കലാകാരന് സമൂഹത്തില്‍ മാന്യമായ വില നല്‍കുമെന്നും, കലാകാരന്മാര്‍ക്ക് അര്‍ഹമായ അംഗീകാരവും , പിന്തുണയും കൊടുക്കുന്നതിലൂടെ കലാകാരന്മാര്‍ക്ക് അവരുടെ മേഖലകളില്‍ കാമ്പും ,കഴമ്പും വര്‍ദ്ധിക്കുമെന്നും അദ്ദേഹം സദസ്സിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വലിയ വലിയ വേദികളില്‍ രചയിതാക്കളുടെ പേര് ബോധപൂര്‍വ്വം മറച്ചുവെക്കുന്ന പ്രവണതയ്‌ക്കെതിരെ അദ്ദേഹം ശക്തമായി പ്രതിഷേധിച്ചു.
ജാം ക്രിയേഷന്‍ കണ്‍വീനര്‍ സുബൈര്‍ പുല്ലാളൂര്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശരീഫ് കൊച്ചി, ജോഷി ബാഷ, മെഹബൂബ് മുടവന്‍കാട്ടില്‍, ഷമീര്‍ പത്തനാപുരം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മഹ്റൂഫ് ചേളന്നൂര്‍, നവാസ് കൊല്ലം ,നാസര്‍ കല്ലായി ,ഹാഷിം കുന്നുംപുറം എന്നിവര്‍ ഉള്‍പ്പെടെ ദമ്മാമിലെ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Related News