റിയാദ്: സ്വന്തം പിതാവിനെയും രണ്ട് സഹോദരിമാരെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ സൗദി പൗരന്റെ വധശിക്ഷ റിയാദില്‍ നടപ്പിലാക്കി. മുഹമ്മദ് ബിന്‍ ഷാലിഹ് ബിന്‍ ജാരി അല്‍-ഗബാവി അല്‍-ഒതൈബി എന്ന പ്രതിയാണ് പിതാവിനെയും സഹോദരിമാരായ ആമിന, മഹാ എന്നിവരെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകം ചതിയിലൂടെയുള്ള അക്രമമായാണ് മന്ത്രാലയം വിലയിരുത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണത്തില്‍ കുറ്റം തെളിയിക്കപ്പെടുകയും ചെയ്തു. പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതിക്കെതിരെ, തികഞ്ഞ ആസൂത്രണത്തോടെയും വിശ്വാസവഞ്ചനയിലൂടെയും നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി വധശിക്ഷ വിധിക്കുകയായിരുന്നു. വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെത്തുടര്‍ന്ന് ശിക്ഷ നടപ്പാക്കാന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനും നീതി നടപ്പിലാക്കുന്നതിനും സൗദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നിരപരാധികളുടെ രക്തം ചിന്തുന്നവര്‍ക്കും നിയമം ലംഘിക്കുന്നവര്‍ക്കും ഇസ്ലാമിക നിയമപ്രകാരമുള്ള കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും, ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇതൊരു താക്കീതാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Related News