ബ്രിട്ടീഷ് കൊളംബിയ- കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് ഈസ്റ്റ് ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളിലാണ് നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്.
തവിട്ടുനിറത്തിലുള്ള മുടിയുള്ള, ഒരു സ്ത്രീയാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇവര്‍ പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായാണ് പ്രാഥമിക വിവരം. സ്‌കൂളിനുള്ളില്‍ ആറുപേരും, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഒരാളും മരിച്ചു. കൂടാതെ, ഈ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു വീട്ടില്‍നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി പോലീസ് കണ്ടെടുത്തു. ഇതോടെ ആകെ മരണം പത്തായി. വെടിവെപ്പില്‍ 25-ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ലിഫ്റ്റ് ചെയ്തു.
ആക്രമണത്തെത്തുടര്‍ന്ന് ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളും സമീപത്തെ പ്രൈമറി സ്‌കൂളും മണിക്കൂറുകളോളം ലോക്ക്ഡൗണിലായിരുന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. അക്രമി മരിച്ചതായും നിലവില്‍ മറ്റ് ഭീഷണികള്‍ ഇല്ലെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമായ വെടിവെപ്പുകളില്‍ ഒന്നാണിത്. ഏകദേശം 3,000-ത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ശാന്തമായ ഒരു പ്രദേശമാണ് ടംബ്ലര്‍ റിഡ്ജ്. സംഭവത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രിയും പ്രവിശ്യാ മുഖ്യമന്ത്രിയും അനുശോചനം രേഖപ്പെടുത്തി.
Related News