റിയാദ്- അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഭൂമി തങ്ങളുടെ 'സര്‍ക്കാര്‍ വക സ്വത്തായി' മാറ്റാനുള്ള ഇസ്രായേല്‍ അധിനിവേശ അധികൃതരുടെ തീരുമാനത്തെ സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. വെസ്റ്റ് ബാങ്കില്‍ പുതിയ നിയമപരവും ഭരണപരവുമായ യാഥാര്‍ത്ഥ്യം അടിച്ചേല്‍പ്പിക്കാനും മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളെ തകര്‍ക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കമെന്ന് സൗദി വ്യക്തമാക്കി. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേലിന് യാതൊരു പരമാധികാരവുമില്ലെന്ന് ആവര്‍ത്തിച്ച സൗദി, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും 'ദ്വിരാഷ്ട്ര പരിഹാരത്തിന്' തടസ്സവുമായ ഇത്തരം നിയമവിരുദ്ധ നടപടികളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതായും അറിയിച്ചു.
കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി 1967 ജൂണ്‍ 4-ലെ അതിര്‍ത്തികളോടെ സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ സഹജമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇത്തരം നടപടികളെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവിയും ഇസ്രായേല്‍ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും കുടിയേറ്റ നയങ്ങളുടെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരവും പ്രായോഗികവുമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീന്‍ അതോറിറ്റി വിദേശകാര്യ മന്ത്രാലയം ഈ തീരുമാനത്തെ 'നിയമവിരുദ്ധവും അസാധുവുമാണെന്ന്' വിശേഷിപ്പിച്ചു. വെസ്റ്റ് ബാങ്കിനെ ഇസ്രായേലിനോട് ചേര്‍ക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണിതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ഈ തീരുമാനത്തെ അപലപിച്ചു. ഇത് മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഗൂഢാലോചനയാണെന്നും ഈ രാജ്യങ്ങള്‍ വ്യക്തമാക്കി. 1967-ന് ശേഷം ആദ്യമായാണ് വെസ്റ്റ് ബാങ്കില്‍ ഭൂമി രജിസ്‌ട്രേഷനും കുടിയേറ്റ നടപടികളും ആരംഭിക്കാന്‍ ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് അനുമതി നല്‍കുന്നത്.
Related News