റിയാദ്- കഴിഞ്ഞ വാരാന്ത്യത്തില്‍ കിംഗ് അബ്ദുള്ള ഇന്റര്‍നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, കാന്‍സര്‍, രക്തരോഗങ്ങള്‍ എന്നിവ ബാധിച്ച രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഉദാത്തമായ സംഭാവനകള്‍ നല്‍കിയ സ്റ്റെം സെല്‍ ദാതാക്കളെ ആദരിച്ചു. സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അഹമ്മദ് അല്‍ അസ്‌കറിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ദാതാക്കള്‍ക്ക് കിംഗ് അബ്ദുല്‍ അസീസ് മെഡലുകള്‍ സമ്മാനിച്ചു. മാനവികതയോടുള്ള പ്രതിബദ്ധതയുടെ അടയാളമായാണ് ഈ ആദരവ് നല്‍കപ്പെട്ടത്. മാരകമായ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരെ രക്ഷിക്കാന്‍ മുന്നോട്ടുവന്ന സ്റ്റെം സെല്‍ ദാതാക്കളെ ആദരിക്കുന്നതില്‍ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് ഡോ. അല്‍ അസ്‌കര്‍ വ്യക്തമാക്കി.
സൗദി സ്റ്റെം സെല്‍ ഡോണര്‍ രജിസ്ട്രി 2011-ലാണ് സ്ഥാപിതമായതെന്നും നിലവില്‍ സ്റ്റെം സെല്‍ ദാനം ചെയ്യാന്‍ തയ്യാറുള്ള 90,000 ദാതാക്കള്‍ ഇതില്‍ അംഗങ്ങളാണെന്നും കെയിംമാര്‍ക് സിഇഒ ചൂണ്ടിക്കാട്ടി. ഈ പദ്ധതിയിലൂടെ ഇതുവരെ ഇരുനൂറിലധികം രോഗികള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ സ്റ്റെം സെല്‍ രജിസ്ട്രികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍, ഇതിന്റെ ഗുണഭോക്താക്കളില്‍ 80 പേര്‍ ഏകദേശം 15 വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.
Related News