റിയാദ്: വിശുദ്ധ റമദാന്‍ മാസത്തില്‍ തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ഹറമൈന്‍ അതിവേഗ റെയില്‍വേ സര്‍വീസുകള്‍ വിപുലീകരിച്ചു. ഈ സീസണില്‍ 3,662 സര്‍വീസുകളിലായി 1.7 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മക്കയ്ക്കും മദീനയ്ക്കുമിടയിലുള്ള യാത്രാ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സൗദി അറേബ്യ റെയില്‍വേസ് വെളിപ്പെടുത്തി.
റമദാന്‍ മാസത്തില്‍ പ്രതിദിനം 100-ലധികം സര്‍വീസുകള്‍ നടത്തും. പ്രാര്‍ത്ഥനാ സമയങ്ങളും ഉംറ തീര്‍ത്ഥാടകരുടെ തിരക്കും പരിഗണിച്ചാണ് ട്രെയിന്‍ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. റെയില്‍വേയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി സ്പാനിഷ് കമ്പനിയായ 'തല്‍ഗോ'യില്‍ (Talgo) നിന്ന് 20 പുതിയ ട്രെയിനുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. ഇവ 2028-നും 2031-നും ഇടയില്‍ ലഭ്യമാകും.
വിഷന്‍ 2030 പദ്ധതിയുടെയും ദേശീയ ഗതാഗത-ലോജിസ്റ്റിക്‌സ് നയത്തിന്റെയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഈ വികസന പ്രവര്‍ത്തനങ്ങളെന്ന് സൗദി അറേബ്യ റെയില്‍വേസ് വ്യക്തമാക്കി.
ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നായ ഹറമൈന്‍ എക്‌സ്പ്രസ്, മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഈ റെയില്‍വേ പാത ജിദ്ദ, കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി എന്നിവ വഴി 453 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2009-ല്‍ നിര്‍മ്മാണം ആരംഭിച്ച് 2018-ലാണ് റെയില്‍വേ പ്രവര്‍ത്തനം തുടങ്ങിയത്.
Related News