ജിദ്ദ: ആരോഗ്യപ്രശ്‌നങ്ങളും നിയമക്കുരുക്കുകളും കാരണം പ്രതിസന്ധിയിലായിരുന്ന തിരുവനന്തപുരം മംഗലപുരം സ്വദേശിനി ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി. ജിദ്ദയിലെ സാമൂഹിക ജീവകാരുണ്യ സംഘടനയായ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) നടത്തിയ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് തുടര്‍ചികിത്സയ്ക്കായി അവര്‍ ഇന്ന് യാത്ര തിരിച്ചത്.
ഹാജ തിരുവനന്തപുരം വഴിയാണ് ബിന്ദുവിന്റെ ദുരവസ്ഥ ടി.എസ്.എസ് പ്രവര്‍ത്തകര്‍ അറിയുന്നത്. ഗുരുതരമായ രോഗാവസ്ഥയിലായിരുന്ന ഇവരുടെ മടക്കയാത്രയ്ക്ക് നിയമപരമായ വലിയ തടസ്സങ്ങളുണ്ടായിരുന്നു. എന്നാല്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ ലേബര്‍, ജവാസാത്ത് രേഖകള്‍ വേഗത്തില്‍ ശരിയാക്കിയതോടെ എക്‌സിറ്റ് നടപടികള്‍ വേഗത്തിലായി.
വിശുദ്ധ റമദാന്‍ മാസത്തില്‍ നടന്ന ഈ കാരുണ്യദൗത്യത്തില്‍ പങ്കാളികളായ വ്യക്തികള്‍ക്കും സാമ്പത്തിക സഹായം ചെയ്തവര്‍ക്കും ഡോക്ടര്‍മാര്‍ക്കും ടി.എസ്.എസ് പ്രസിഡന്റ് തരുണ്‍ രത്നാകരന്‍ നന്ദി രേഖപ്പെടുത്തി. ശരീഫ് പള്ളിപ്പുറം, മൗഷമി ശരീഫ്, ഷബീര്‍ സുബൈറുദീന്‍, ഷാഹിന്‍ ഷാജഹാന്‍ , ഡോ. ഫയാസ് ഖാന്‍, ഡോ. മുഹമ്മദ് അസ്ലം (ഹസ്സന്‍ ഗസാവി), ഡോ, ഫാറൂഖ് (ബദര്‍ അല്‍ തമാമം), ഡോ. ഷബ്ന (സൗദി കേരള ഫര്‍മസിസ്‌റ് ഫോറം) എന്നിവരും ടി.എസ്.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ദൗത്യത്തിന് നേതൃത്വം നല്‍കി. ഒ.ഐ.സി.സി ഹെല്‍പ്പ് ഡെസ്‌കിന്റെയും വനിതാ വേദിയുടെയും സഹകരണം ബിന്ദുവിന് ചികിത്സാസഹായം ഉറപ്പാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.
Related News