മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി സൗദി അറേബ്യയ്ക്കുള്ളിലുള്ള ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നതിനും ബുക്കിംഗ് പൂര്‍ത്തിയാക്കുന്നതിനുമുള്ള നടപടികള്‍ മാര്‍ച്ച് 4 (റമദാന്‍ 15) മുതലാണ് ആരംഭിക്കുക.
സൗദി പൗരന്മാര്‍ക്കും രാജ്യത്ത് താമസരേഖ (ഇഖാമ) ഉള്ള വിദേശികള്‍ക്കും നുസുക് (Nusuk) ആപ്ലിക്കേഷന്‍ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് (nusuk.sa) വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
പ്രധാന നിബന്ധനകള്‍:
ശവ്വാല്‍ മാസം അവസാനം വരെ നീണ്ടുനില്‍ക്കുന്ന ഈ ഘട്ടത്തില്‍, ഇതുവരെ ഹജ്ജ് നിര്‍വഹിച്ചിട്ടില്ലാത്തവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. സീറ്റുകള്‍ ബാക്കിയുണ്ടെങ്കില്‍ മാത്രമേ നേരത്തെ ഹജ്ജ് ചെയ്തവരെ പരിഗണിക്കുകയുള്ളൂ. അപേക്ഷകര്‍ക്ക് കുറഞ്ഞത് 15 വയസ്സ് പ്രായമുണ്ടായിരിക്കണം. കൂടാതെ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന ആരോഗ്യ നിബന്ധനകള്‍ പാലിക്കുകയും വേണം. സാധുവായ ഇഖാമ ഉള്ള വിദേശികള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും മുന്‍പ് ഇഖാമ ലഭിച്ചവര്‍ക്കായിരിക്കും മുന്‍ഗണന.
അപേക്ഷിക്കേണ്ട രീതി:
അംഗീകൃത കമ്പനികള്‍ മുഖേന മാത്രമായിരിക്കും കരാറുകള്‍ ഒപ്പിടുന്നത്. ഇതിനായി തീര്‍ത്ഥാടകര്‍ നുസുക് പ്ലാറ്റ്ഫോമില്‍ സ്വന്തം പേരില്‍ അക്കൗണ്ട് സൃഷ്ടിച്ച് വിവരങ്ങള്‍ നല്‍കണം. അര്‍ഹത ഉറപ്പുവരുത്തിയ ശേഷം അനുയോജ്യമായ പാക്കേജ് തിരഞ്ഞെടുക്കാം. സാദാദ് (SADAD) പേയ്മെന്റ് സിസ്റ്റം വഴി ഫീസ് അടയ്ക്കുന്നതോടെ ഹജ്ജ് പെര്‍മിറ്റ് ലഭ്യമാകും. തെറ്റായ വെബ്‌സൈറ്റുകളിലോ വ്യക്തികള്‍ വഴിയോ പണമടയ്ക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Related News