റിയാദ്: ആഗോള തൊഴില്‍ വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി സൗദി അറേബ്യ. 60 രാജ്യങ്ങളില്‍ നിന്നുള്ള ഒന്നരക്കോടി പ്രവാസികളാണ് നിലവില്‍ സൗദിയില്‍ കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സൗദി വ്യക്തമാക്കി. വിഷന്‍ 2030-ന്റെ ഭാഗമായി നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ തൊഴില്‍ മേഖലയുടെ മുഖച്ഛായ മാറ്റിയതായി സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് ഡോ. ഹാല അല്‍ തുവൈജിരി അറിയിച്ചു.
തൊഴിലിടങ്ങളിലെ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് 15 ശതമാനത്തില്‍ നിന്നും 73 ശതമാനമായി വര്‍ധിച്ചുവെന്നും തൊഴില്‍ സംബന്ധമായ മരണങ്ങളില്‍ 70 ശതമാനത്തിന്റെ ഗണ്യമായ കുറവുണ്ടായതായും അവര്‍ പറഞ്ഞു.
2016-ല്‍ 12.3 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2025-ഓടെ 7 ശതമാനമായി കുറഞ്ഞു. തൊഴില്‍ വിപണിയിലെ സ്ത്രീ പങ്കാളിത്തം 34 ശതമാനം കടന്നു. 2017-ന് ശേഷം ഈ മേഖലയില്‍ 108 ശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
'വിദേശികള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ശക്തമായ നിയമ നീതിന്യായ ചട്ടക്കൂടിന് കീഴിലാണ് സൗദിയില്‍ താമസിക്കാനും ജോലി ചെയ്യാനും സൗകര്യമൊരുക്കിയിരിക്കുന്നത്. പരിഷ്‌കാരങ്ങള്‍ ഇനിയും തുടരും.' - ഡോ. ഹാല അല്‍ തുവൈജിരി വ്യക്തമാക്കി.
തൊഴില്‍ സംരക്ഷണത്തിനായുള്ള പുതിയ നിയമങ്ങള്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ഗുണകരമാകുന്നുണ്ടെന്നും യുഎന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Related News