ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ,യൂറോപ്പ്യന്‍ ആഭ്യന്തര ലീഗുകളിലെ മത്സരങ്ങള്‍ക്ക് വീറും വാശിയും കൂടിവരുന്ന കാഴ്ചകളാണ് കാണുന്നത്. പ്രധാന ലീഗുകളിലൊക്കെ പതിവ് വമ്പന്മാര്‍ തന്നെയാണ് ആദ്യം നാല് സ്ഥാനങ്ങളിലുള്ളത്. ചെറിയ ടീമുകള്‍ കറുത്ത കുതിരകളാവുന്ന മുന്നേറ്റങ്ങളൊന്നും എവിടെയും കണ്ടില്ല. എങ്കിലും ഫ്രഞ്ച് ലീഗില്‍ കരുത്തരായ പിഎസ്ജി യെ പിന്തള്ളി ആര്‍സി ലെന്‍സിന്റെ മുന്നേറ്റം ശ്രദ്ധേയമായിരുന്നു. ഒപ്പം വലിയ തകര്‍ച്ചകള്‍ക്കൊടുവില്‍ മൈക്കല്‍ കാരിക്ക് പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചുവരവ് ' ചുവന്ന ചെകുത്താന്മാരുടെ' ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നുണ്ട്.
ഇപിഎല്‍.
ഇംഗ്ലണ്ടില്‍ 58 പോയിന്റുമായി മൈക്കല്‍ അര്‍ട്ടേറ്റയുടെ ആഴ്‌സണലാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ബുക്കായോ സാക്കയും വിക്ടര്‍ ഗ്യോക്കെറസും ഗബ്രിയേല്‍ ജീസസും ഡെക്ലാന്‍ റൈസുമടങ്ങുന്ന അര്‍ട്ടേറ്റയുടെ സംഘം മികച്ച ഫോമിലാണ്. 8 ഗോളോടെ സ്വീഡിഷ് താരം വിക്ടര്‍ ഗ്യോക്കെറസാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ആഴ്‌സണലിന്റെ തൊട്ടു പിറകിലായി 53 പോയിന്റോടെ പെപ്പിന്റെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇനിയുള്ള മത്സരങ്ങളില്‍ സിറ്റി തങ്ങളുടെ പ്രതാപകാലത്തെ ഫോമിലേക്ക് തിരിച്ചെത്തുകയാണെങ്കില്‍ ആഴ്‌സണലിന്റെ ഒന്നാം സ്ഥാനത്തിന് കോട്ടം തട്ടാന്‍ സാധ്യതയുണ്ട്. സിറ്റിയുടെ ഹാലന്‍ഡ് തന്നെയാണ് ലീഗിലെ മികച്ച ഗോള്‍ വേട്ടക്കാരനും. ഉനൈ എംറിയുടെ ആസ്റ്റന്‍ വില്ലയാണ് ലീഗില്‍ മൂന്നാം സ്ഥാനത്തുള്ളത്. എമിലിയാനോ മാര്‍ട്ടിനെസ് ഗോള്‍വല കാക്കുന്ന വില്ലയുടെ മുന്നേറ്റനിരയിലുള്ളത് ഇംഗ്ലണ്ടിന്റെ മോര്‍ഗന്‍ റോജേഴ്‌സും ഒല്ലി വാട്ട്കിന്‍സുമാണ്. ഇരുവരും 8 ഗോളുകള്‍ വീതം ഈ സീസണില്‍ വില്ലക്ക് വേണ്ടി നേടിയിട്ടുണ്ട്. മൈക്കല്‍ കാരിക്ക് പരിശീലകനായി വന്നശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശാപകാലം കഴിഞ്ഞെന്ന് കരുതാം. ഏറെ കാലത്തിന് ശേഷമാണ് യുണൈറ്റഡ് പ്രീമിയര്‍ ലീഗിന്റെ ടോപ് 4-ല്‍ ഇടം പിടിക്കുന്നത്. കാമറൂണിന്റെ ബ്രയാന്‍ എംബ്യൂമോയും ബ്രൂണോ ഫെര്‍ണാണ്ടസും കാസമിറോയും മേസണ്‍ മൗണ്ടനുമൊക്കെ അടങ്ങുന്ന ടീം യുണൈറ്റഡിന്റെ പഴയ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എങ്കിലും ചെല്‍സിയും ലിവര്‍പൂളും ചെറിയ വ്യത്യാസത്തില്‍ അവര്‍ക്ക് പിറകെയുള്ളത് കാരിക്കിന് വലിയ വെല്ലുവിളിയാവും.
ലാലിഗ
സ്‌പെയിനില്‍ ഒന്നാം സ്ഥാനത്തിന് വേണ്ടി റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സീസണിന്റെ തുടക്കം മുതല്‍ ലീഗില്‍ ബാഴ്‌സലോണയുടെ ആധിപത്യമായിരുന്നു. പിന്നീട് എംബാപ്പെയും വിനീഷ്യസ് ജൂനിയറുമൊക്കെ ഫോം കണ്ടെത്തിയതോടെ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. എന്നാല്‍ കഴിഞ്ഞയാഴ്ച ലെവാന്റെക്കെതിരെ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ വലിയ വിജയം നേടിയതോടെ കാറ്റലോണിയന്‍ ക്ലബ്ബ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. റഫീഞ്ഞ പരിക്ക് മാറി തിരിച്ചെത്തുകയും, ലാമിന്‍ യമാല്‍ ഫോം കണ്ടെത്തുകയും ചെയ്താല്‍ റയലിന്റെ പരിശീലകന്‍ അല്‍വാരോ അര്‍ബെലോക്ക് ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ കൂടുതല്‍ ജോലി എടുക്കേണ്ടി വരുമെന്ന് സാരം. ലാ ലിഗയില്‍ എല്ലാ സീസണിലും കളിക്കുമെങ്കിലും വലിയ നേട്ടങ്ങള്‍ ഒന്നുമില്ലാത്ത വില്ലാറയലാണ് ഇത്തവണ മൂന്നാം സ്ഥാനത്തുള്ളത്. മാര്‍സെലീനോ ഗാര്‍ഷ്യ പരിശീലിപ്പിക്കുന്ന വില്ലാറയലിന്റെ പ്രധാന താരങ്ങള്‍ ആല്‍ബര്‍ട്ടോ മൊളീറോയും ജോര്‍ജിയന്‍ മുന്നേറ്റനിരക്കാരന്‍ ജോര്‍ജസ് മികൗട്ടാഡ്‌സെയുമാണ്. നാലാം സ്ഥാനം നിലനിര്‍ത്താന്‍ അത്‌ലറ്റികോ മാഡ്രിഡിന് വെല്ലുവിളിയായി തൊട്ടുപിറകില്‍ റയല്‍ ബെറ്റിസാണ് ഉള്ളത്.
ബുണ്ടസ്ലിഗ
ജര്‍മ്മനിയില്‍ പതിവുകളൊന്നും തെറ്റിയിട്ടില്ല. എക്കാലത്തെയും പോലെ ഇത്തവണയും വിന്‍സന്റ് കംപാനിയുടെ ബയേണ്‍ മ്യൂണിക്ക് തന്നെയാണ് ലീഗില്‍ തലപ്പത്ത്. ബയേണിന്റെ ഹാരി കെയ്ന്‍ തന്നെയാണ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും. ആറ് പോയിന്റ് കുറവോടെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് രണ്ടാം സ്ഥാനത്തുള്ളത്. 45 പോയിന്റോടെ ഹോഫന്‍ഹൈമും 42 പോയിന്റോടെ പിഎഫ്ബി സ്റ്റുട്ട്ഗാര്‍ട്ടും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. ഹോഫന്‍ഹൈം താരതമ്യേന പുതിയ ടീമാണ്. അതുകൊണ്ടുതന്നെ അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സീസണില്‍ അവര്‍ പുറത്തെടുക്കുന്നത്.
സീരി എ
ഇറ്റലിയില്‍ ഇന്റര്‍ മിലാനാണ് ആധിപത്യം പുലര്‍ത്തുന്നത്. ഇന്ററിന്റെ ലൗട്ടാരോ മാര്‍ട്ടിനെസ് തന്നെയാണ് 14 ഗോളോടെ ലീഗിലെ ടോപ് സ്‌കോററും. മാസിമിലിയാനോ അല്ലെഗ്രി പരിശീലിപ്പിക്കുന്ന എസി മിലാനാണ് രണ്ടാം സ്ഥാനത്തുള്ളത്. ക്രൊയേഷ്യന്‍ ഇതിഹാസം ലൂക്കാ മോഡ്രിച്ച് യുഎസ്എ യുടെ എക്കാലത്തെയും മികച്ച താരം ക്രിസ്ത്യന്‍ പുലിസിച് പോര്‍ച്ചുഗലിന്റെ മുന്നേറ്റനിരക്കാരന്‍ റാഫേല്‍ ലിയോ തുടങ്ങിയ താരങ്ങളുണ്ടായിട്ടും ഇന്ററിന്റെ ആധിപത്യം തകര്‍ക്കാന്‍ മിലാന് കഴിഞ്ഞിട്ടില്ല. മൂന്നാം സ്ഥാനത്തുള്ളത് നാപോളിയാണ്. നാപോളിയിലും സൂപ്പര്‍താരങ്ങള്‍ക്ക് കുറവില്ല. ബെല്‍ജിയത്തിന്റെ എക്കാലത്തെയും മികച്ച താരങ്ങളായ കെവിന്‍ ഡി ബ്രൂയിനും റൊമേലു ലുകാക്കുവും ഇന്ന് നാപോളിയുടെ താരങ്ങളാണ്. ഒപ്പം ഡെന്മാര്‍ക്കിന്റെ യുവതാരം റാസ്മസ് ഹോജ്‌ലണ്ടും ആ ക്ലബ്ബിന്റെ പ്രധാന സ്‌ട്രൈക്കറാണ്. അടുത്ത സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത എന്ന ലക്ഷ്യത്തോടെ നാലാം സ്ഥാനത്തിനായി റോമയും ജുവന്റസും തമ്മില്‍ കടുത്ത പോരാട്ടവും നടക്കുന്നുണ്ട്.
ലീഗ് 1
ഫ്രഞ്ച് ലീഗില്‍ ആര്‍സി ലെന്‍സ് ഇടയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും, ഇപ്പോള്‍ പിഎസ്ജി തന്നെയാണ് പട്ടികയില്‍ തലപ്പത്ത്. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആര്‍സി ലെന്‍സ് തന്നെയാണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ളത് ഫ്രഞ്ച് ലീഗിലെ മറ്റൊരു കരുത്തരായ ലിയോണാണ്. ലിയോണ്‍ ഇതുവരെ ഏഴു തവണ ലീഗ് 1-ല്‍ ചാമ്പ്യന്മാരായിട്ടുണ്ട്. ഒമ്പത് തവണ ചാമ്പ്യന്മാരായ മാര്‍സെയില്‍ ഇത്തവണ നാലാം സ്ഥാനത്താണ്.
അതാത് ആഭ്യന്തര ലീഗുകളില്‍ ആരാണ് കരുത്തരെന്ന് തിരിച്ചറിയാന്‍ അടുത്തമാസം അവസാനം വരെ കാത്തിരിക്കണം.
-മുനീര്‍ വാളക്കുട
Related News