ടെഹ്റാന്‍/വാഷിംഗ്ടണ്‍: ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേലും അമേരിക്കയും ശനിയാഴ്ച പുലര്‍ച്ചെ വന്‍തോതിലുള്ള വ്യോമാക്രമണം ആരംഭിച്ചു. പശ്ചിമേഷ്യയെ വീണ്ടും ഒരു വലിയ സൈനിക ഏറ്റുമുട്ടലിലേക്ക് തള്ളിവിടുന്നതാണ് ഈ നീക്കം. ഇസ്രായിലിലേക്ക് മിസൈലുകള്‍ അയച്ച് ഇറാന്‍ തിരിച്ചടിച്ചു. വടക്കന്‍ ഇസ്രായിലില്‍ മിസൈല്‍ പതിച്ചതായി വിവരമുണ്ട്.
ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആക്രമണത്തെ 'പ്രതിരോധ നീക്കം' എന്ന് വിശേഷിപ്പിച്ചു. ഇതിന് തൊട്ടുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പങ്കാളിത്തം സ്ഥിരീകരിച്ചു. ഇറാനില്‍ 'വലിയ പോരാട്ടം' ആരംഭിച്ചതായി ട്രംപ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ടെഹ്റാന്‍, ഖോം, ഇസ്ഫഹാന്‍ തുടങ്ങിയ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ തറകളും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ടെഹ്റാനിലെ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് സമീപം സ്‌ഫോടനങ്ങള്‍ ഉണ്ടായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്. ഇറാന്റെ ആണവപദ്ധതികളും മിസൈല്‍ പരീക്ഷണങ്ങളും തടയുന്നതില്‍ നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് ആക്രമണത്തിന് കാരണമായി പറയുന്നത്.
തങ്ങള്‍ തിരിച്ചടി തുടങ്ങിയതായും ഇസ്രായേലിന് നേരെ മിസൈലുകള്‍ വിക്ഷേപിച്ചതായും ഇറാന്‍ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ വ്യോമാതിര്‍ത്തി അടച്ചു.
ഇസ്രായേലില്‍ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും ഇറാന്‍, ഇസ്രായേല്‍ യാത്രകള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ആക്രമണത്തോടെ പശ്ചിമേഷ്യയിലെ ആണവ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ആക്രമണത്തെത്തുടര്‍ന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ താറുമാറായി. ദല്‍ഹിയില്‍ നിന്നുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെ പലതും വഴിതിരിച്ചുവിട്ടു.
Related News