റിയാദ്: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അസാധാരണ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് റിയാദിലെ ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി നിര്‍ദ്ദേശിച്ചു. രാജ്യത്ത് നിലവിലുള്ള സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രാദേശിക അധികാരികളും എംബസിയും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും അറിയിപ്പില്‍ പറയുന്നു.
സാഹചര്യം വിലയിരുത്തുന്നതിനൊപ്പം റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും നിലവില്‍ സാധാരണ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു. ആവശ്യാനുസരണം പുതിയ നിര്‍ദ്ദേശങ്ങളും അപ്‌ഡേറ്റുകളും വരും ദിവസങ്ങളില്‍ നല്‍കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ഇമെയില്‍ വിലാസവും എംബസി പുറത്തുവിട്ടു: ഫോണ്‍: 00-966-11-4884697. വാട്‌സാപ്പ് (സന്ദേശങ്ങള്‍ മാത്രം): 00-966-542126748. ടോള്‍ ഫ്രീ നമ്പര്‍: 800 247 1234, ഇമെയില്‍: cw.riyadh@mea.gov.in
സൗദിയിലെ പ്രവാസി മലയാളി സമൂഹമടക്കം എല്ലാവരും എംബസിയുടെ ഔദ്യോഗിക വിവരങ്ങള്‍ക്കായി കാത്തിരിക്കണമെന്നും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും എംബസി അറിയിച്ചു.
Related News