ടെഹ്‌റാന്‍- ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഈ നിയമിതനായതിന് പിന്നാലെ ഞായറാഴ്ച ഇസ്രായേലിന് നേരെ ഇറാന്‍ ആദ്യ മിസൈല്‍ ആക്രമണം നടത്തിയതായി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആയത്തുല്ല അലി ഖാംനഈയുടെ വിയോഗത്തെത്തുടര്‍ന്ന് അധികാരമേറ്റ മുജ്തബ ഖാംനഇയുടെ നേതൃത്വത്തിലുള്ള ഇറാന്റെ സൈനിക നടപടിയെ അതീവ ഗൗരവത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
മുജ്തബ ഖാംനഇയുടെ നേതൃത്വത്തില്‍ ഇസ്രായേലിന്റെ അധീനതയിലുള്ള പ്രദേശങ്ങളിലേക്ക് മിസൈലുകളുടെ ആദ്യ തരംഗം വിക്ഷേപിച്ചതായി സ്റ്റേറ്റ് ടെലിവിഷന്‍ ടെലിഗ്രാമിലൂടെ അറിയിച്ചു. 'മിസ്റ്റര്‍ മൊജ്തബ, ഞങ്ങള്‍ നിങ്ങളുടെ സേവനത്തിന് സജ്ജമാണ്' എന്ന് മിസൈലില്‍ എഴുതിയ ചിത്രം സഹിതമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. പുതിയ നേതൃത്വത്തോടുള്ള സൈന്യത്തിന്റെ കൂറും പിന്തുണയും വ്യക്തമാക്കുന്നതായിരുന്നു ഈ സന്ദേശം.
ഈ ആക്രമണം 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4'-ന്റെ മുപ്പതാം ഘട്ടമാണെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ അമേരിക്കന്‍ താവളങ്ങളെയും വടക്കന്‍ ഇസ്രായേലിലെ സയണിസ്റ്റ് കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചാണ് റെവല്യൂഷണറി ഗാര്‍ഡ് ആക്രമണം നടത്തിയത്. മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ ഭാഗമായാണ് ഈ പുതിയ സൈനിക നീക്കമെന്ന് ഇറാന്‍ അവകാശപ്പെടുന്നു.
അതേസമയം, മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രായേലിലെ ഋഷോണ്‍ ലെസിയോണ്‍ മേഖലയില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റതായി ഇസ്രായേല്‍ ആംബുലന്‍സ് സര്‍വീസായ മഗന്‍ ഡേവിഡ് അഡോം അറിയിച്ചു. ആകാശത്തുവെച്ച് മിസൈല്‍ തകര്‍ത്തതിനെത്തുടര്‍ന്ന് താഴെ വീണ അവശിഷ്ടങ്ങള്‍ പതിച്ചാണ് ഇവര്‍ക്ക് തലയ്ക്ക് പരിക്കേറ്റത്. സംഭവത്തെത്തുടര്‍ന്ന് ഇസ്രായേലില്‍ അതീവ ജാഗ്രത തുടരുകയാണ്.
Related News