റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഹരീഖ് യൂണിറ്റ് സംഘടിപ്പിച്ച ജനകീയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ഹരീഖിലെ 'അഫദ് ഉമര്‍ മസറയില്‍' നടന്ന ഇഫ്താറില്‍ അഞ്ഞൂറിലധികം പേര്‍ പങ്കുചേര്‍ന്നു. ഹരീഖിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ ഭാരവാഹികള്‍, തദ്ദേശീയര്‍, പ്രവാസികളായ പൗരപ്രമുഖര്‍, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, കുടുംബങ്ങള്‍ തുടങ്ങി നാനാതുറകളിലുള്ളവര്‍ വിരുന്നില്‍ സംബന്ധിച്ചു.
റിയാദില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമപ്രദേശത്തെ ഇഫ്താര്‍ വിരുന്ന് വിജയിപ്പിക്കുന്നതിനായി ജാതി-മത-ഭാഷാ-രാഷ്ട്രീയ ഭേദമന്യേ ഗ്രാമവാസികളും വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും സ്വദേശികളും കൈകോര്‍ത്തപ്പോള്‍ അത് ഒരു ഗ്രാമത്തിന്റെയാകെ വിരുന്നായി മാറി.
യൂണിറ്റ് സെക്രട്ടറി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഇഫ്താറിന്റെ വിജയത്തിനായി ചെയര്‍മാന്‍ ഫൈസല്‍ ഖാന്‍, കണ്‍വീനര്‍ ബിനോയ് തോമസ്, സാമ്പത്തിക കണ്‍വീനര്‍ തിലകന്‍, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ പ്രതീഷ് എന്നിവരടങ്ങുന്ന 31 അംഗ സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഫൈസല്‍ കൊച്ചി, പ്രവീണ്‍ കുമാര്‍, കൈലാസ്, നവാസ്, സുജേഷ് തുടങ്ങിയവരും സമിതിയില്‍ സജീവമായിരുന്നു.
കേളി കേന്ദ്രകമ്മിറ്റി അംഗം ലിപിന്‍ പശുപതി, കേന്ദ്രകമ്മിറ്റി അംഗവും അല്‍ ഖര്‍ജ് ഏരിയ സെക്രട്ടറിയുമായ ഷബി അബ്ദുള്‍ സലാം, ഏരിയ പ്രസിഡന്റ് രാമകൃഷ്ണന്‍, ട്രഷറര്‍ ജയന്‍ പെരുനാട്, ജോയിന്റ് സെക്രട്ടറി സമദ്, വൈസ് പ്രസിഡന്റ് ബഷീര്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. കൂടാതെ ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ മണികണ്ഠ കുമാര്‍, തിലകന്‍, ഏരിയ കമ്മിറ്റി അംഗം രമേശ്, യൂണിറ്റ് അംഗങ്ങളായ ഹരിദാസന്‍, രിഫായി, ഫസില്‍, വിവിധ യൂണിറ്റ് ഭാരവാഹികള്‍ എന്നിവരും പങ്കെടുത്തു.
Related News