ഹഫര്‍ അല്‍ ബാത്തിന്‍: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഒ.ഐ.സി.സി ഹഫര്‍ അല്‍ ബാത്തിന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'അഹ്ലന്‍ റമദാന്‍' എന്ന പേരില്‍ മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഹുജൈലാന്‍ മസ്ജിദില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് വിബിന്‍ മറ്റം അധ്യക്ഷത വഹിച്ചു. ജാലിയാത്ത് മേധാവി മന്‍സൂര്‍ അല്‍ ഷമ്മരി പരിപാടി ഉദ്ഘാടനം ചെയ്തു. ജാലിയാത്ത് മലയാള വിഭാഗം പ്രബോധകന്‍ മുബാറക് മദീനി റമദാന്‍ സന്ദേശം നല്‍കി.
വിശുദ്ധ റമദാന്‍ വിശ്വാസികള്‍ക്ക് ആരാധനകളിലൂടെയും സല്‍കര്‍മ്മങ്ങളിലൂടെയും പുണ്യങ്ങള്‍ നേടിയെടുക്കാനുള്ള മാസമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വര്‍ദ്ധിച്ചുവരുന്ന സാമൂഹിക തിന്മകള്‍ക്കും കൊലപാതകങ്ങള്‍ക്കും ലഹരി മാഫിയകള്‍ക്കുമെതിരെ ഭരണകൂടവും പൊതുസമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
ആയിരത്തോളം പ്രവാസികള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ ഹഫര്‍ അല്‍ ബാത്തിനിലെ വിവിധ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ പള്ളിമുക്ക്, കണ്‍വീനര്‍ അബ്ദുല്‍ സമദ്, ട്രഷറര്‍ റാഫി പരുതൂര്‍, ദമാം പ്രവിശ്യാ സെക്രട്ടറി സലീം കീരിക്കാട്, ഷാനവാസ് മാഹീന്‍, ഉസ്മാന്‍ പള്ളങ്ങല്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
Related News