വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിനായി അമേരിക്ക ഇതുവരെ 25 ബില്യണ്‍ ഡോളര്‍ (ഏകദേശം 2 ലക്ഷം കോടിയിലധികം രൂപ) ചെലവിട്ടതായി പെന്റഗണിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം യുദ്ധച്ചെലവിനെക്കുറിച്ച് പ്രതിരോധ മന്ത്രാലയം നല്‍കുന്ന ആദ്യ ഔദ്യോഗിക കണക്കാണിത്. വരാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഈ കണക്കുകള്‍ ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
ചെലവായ തുകയില്‍ ഭൂരിഭാഗവും വെടിക്കോപ്പുകള്‍ക്കും ആയുധങ്ങള്‍ക്കുമായാണ് വിനിയോഗിച്ചതെന്ന് പെന്റഗണ്‍ കോംപ്ട്രോളറുടെ ചുമതല വഹിക്കുന്ന ജൂള്‍സ് ഹഴ്സ്റ്റ് ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിയെ അറിയിച്ചു. യുദ്ധത്തില്‍ ഇതുവരെ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് വിമാനവാഹിനി കപ്പലുകള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് അധിക സൈനികരെയാണ് അമേരിക്ക മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരിക്കുന്നത്.
ആറുമാസത്തിനകം നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജനപ്രീതിയെ ഈ യുദ്ധം സാരമായി ബാധിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ യുദ്ധത്തിനോടുള്ള എതിര്‍പ്പ് വര്‍ദ്ധിക്കുന്നത് ഡെമോക്രാറ്റുകള്‍ രാഷ്ട്രീയ ആയുധമാക്കുകയാണ്. ഏറ്റവും പുതിയ റോയിട്ടേഴ്സ്/ഇപ്സോസ് സര്‍വേ പ്രകാരം, വെറും 34 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് ഇറാന്‍ യുദ്ധത്തെ അനുകൂലിക്കുന്നത്. മാര്‍ച്ചില്‍ ഇത് 38 ശതമാനമായിരുന്നു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതോടെ ആഗോളതലത്തില്‍ എണ്ണ, പ്രകൃതിവാതക വിതരണം തടസ്സപ്പെട്ടു. ഇത് അമേരിക്കയില്‍ പെട്രോള്‍ വില കുതിച്ചുയരാന്‍ കാരണമായി. ഇന്ധനവിലയ്ക്ക് പുറമെ വളം ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ദ്ധിച്ചത് സാധാരണക്കാരെ യുദ്ധവിരുദ്ധ നിലപാടിലേക്ക് നയിച്ചു.
നിലവില്‍ ഇരുവിഭാഗവും വെടിനിര്‍ത്തല്‍ പാലിക്കുന്നുണ്ടെങ്കിലും അത് അതീവ ദുര്‍ബലമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുദ്ധത്തില്‍ തകര്‍ന്ന മിഡില്‍ ഈസ്റ്റിലെ സൈനിക താവളങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് എത്ര തുക വേണ്ടിവരുമെന്ന കാര്യത്തില്‍ പെന്റഗണ്‍ വ്യക്തത വരുത്തിയിട്ടില്ല.
യുദ്ധച്ചെലവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇത്രകാലം മറച്ചുവെച്ചതിനെ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റ് അംഗം ആദം സ്മിത്ത് രൂക്ഷമായി വിമര്‍ശിച്ചു. ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് ഈ കണക്കുകള്‍ പുറത്തുവിടാന്‍ പെന്റഗണ്‍ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു.
Related News