വാഷിംഗ്ടണ്‍/ദുബായ്/ഇസ്ലാമാബാദ്: യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രണ്ട് മാസം പിന്നിടുമ്പോള്‍, ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ അന്താരാഷ്ട്ര സൈനിക സഖ്യം രൂപീകരിക്കാന്‍ അമേരിക്ക നീക്കം തുടങ്ങി. ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാത ഇറാന്‍ തടഞ്ഞതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 125 ഡോളര്‍ കടന്നു. ഇന്ധന വിതരണത്തിലെ തടസ്സം ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.
ഇറാന്റെ എണ്ണ കയറ്റുമതി തടഞ്ഞുകൊണ്ട് അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം സംഘര്‍ഷം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഇറാനുമേല്‍ കൂടുതല്‍ സൈനിക ആക്രമണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച ഉന്നതതല ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ, 'മാരിടൈം ഫ്രീഡം കണ്‍സ്ട്രക്ട്' എന്ന് പേരിട്ടിരിക്കുന്ന പുതിയ സഖ്യത്തില്‍ ചേരാന്‍ വിവിധ രാജ്യങ്ങളെ വാഷിംഗ്ടണ്‍ ക്ഷണിച്ചു. എന്നാല്‍ യുദ്ധം അവസാനിച്ചാല്‍ മാത്രമേ സഹകരിക്കൂ എന്ന നിലപാടിലാണ് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍.
തങ്ങള്‍ക്കെതിരായ ഭീഷണി തുടരുന്നിടത്തോളം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ പരമാധികാരി ആയത്തുള്ള അലി ഖാംനഈ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് വിപ്ലവ ഗാര്‍ഡിന്റെ തീവ്ര നിലപാടുകാര്‍ക്കാണ് ഇപ്പോള്‍ അവിടെ മേല്‍ക്കൈ. ഇതിനിടെ, യുദ്ധം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്കും വന്‍ ആഘാതമുണ്ടാക്കുന്നുണ്ട്. യുദ്ധത്തിനായി ഇതുവരെ 25 ബില്യണ്‍ ഡോളര്‍ ചിലവായതായാണ് പെന്റഗണില്‍ നിന്നുള്ള ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ല. ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന ട്രംപിന്റെ ആവശ്യം ഇറാന്‍ തള്ളി. യുദ്ധത്തെത്തുടര്‍ന്ന് ഇറാനില്‍ പണപ്പെരുപ്പം 65.8 ശതമാനമായി ഉയരുകയും കറന്‍സി മൂല്യം റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ആഗോളതലത്തില്‍ ഇന്ധനവില വര്‍ദ്ധിക്കുന്നത് ട്രംപ് ഭരണകൂടത്തിനും വലിയ ആഭ്യന്തര സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്.
Related News