കോട്ടയം- സംസ്ഥാനത്ത് ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തില്‍ കേരള കോണ്‍ഗ്രസ് (എം) അടിപതറി. മത്സരിച്ച 12 സീറ്റുകളിലും പാര്‍ട്ടി തോറ്റു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പാലായില്‍ ചെയര്‍മാന്‍ ജോസ് കെ. മാണിയും ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിനും പരാജയപ്പെട്ടു. കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജ്, പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തുടങ്ങിയ പ്രമുഖ നേതാക്കളും വലിയ വോട്ട് വ്യത്യാസത്തില്‍ പിന്നിലായതോടെ പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളകിയിരിക്കുകയാണ്.
യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലെത്തിയ ശേഷം കഴിഞ്ഞ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മധ്യതിരുവിതാംകൂറില്‍ ഇടതുപക്ഷത്തിന് വലിയ നേട്ടം കൊയ്തുകൊടുത്ത ജോസ് കെ. മാണിക്കും സംഘത്തിനും ഈ ഫലം അപ്രതീക്ഷിതമാണ്. മുന്നണി മാറ്റം ഗുണം ചെയ്‌തോ എന്ന ചോദ്യം ഉയരുന്ന സാഹചര്യത്തില്‍, എതിര്‍പക്ഷത്തുള്ള പി.ജെ. ജോസഫ് വിഭാഗം മുന്നിട്ടുനില്‍ക്കുന്നത് ജോസ് വിഭാഗത്തിന് ഇരട്ടി പ്രഹരമായി. ഭരണം നിലനിര്‍ത്താനുള്ള എല്‍.ഡി.എഫ് ശ്രമങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഈ തകര്‍ച്ച വലിയ തിരിച്ചടിയാണ് നല്‍കുന്നത്.
Related News