തിരുവനന്തപുരം: മൂന്നാം ഊഴമെന്നപ്രതീക്ഷയുമായി തിരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫിന് വന്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. പ്രത്യേക ദൂതന്‍ വഴിയാണ് രാജിക്കത്ത് ലോക്ഭവനില്‍ എത്തിച്ചത്. ഇതിനുശേഷം മുഖ്യമന്ത്രിയുമായി ഗവര്‍ണര്‍ ഫോണില്‍ സംസാരിച്ചു. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്. 140ല്‍ 102 സീറ്റുകള്‍ യുഡിഎഫ് നേടി. എല്‍ഡിഎഫിന് 35 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്‍ഡിഎ ചരിത്രത്തില്‍ ആദ്യമായി മൂന്ന് സീറ്റ് നേടി. യുഡിഎഫ് മുന്നേറ്റത്തില്‍ ഇടതുപക്ഷത്തിന്റെ പരമ്പരാഗത കോട്ടകള്‍ തകര്‍ന്നു. വോട്ടെണ്ണല്‍ തുടങ്ങി 6 റൗണ്ട് പൂര്‍ത്തിയാകുന്നതുവരെ ധര്‍മടത്ത് പിണറായി വിജയന്‍ പിന്നിലായിരുന്നു. ഒടുവില്‍, തിളക്കം കുറഞ്ഞ വിജയമാണ് മുഖ്യമന്ത്രിക്ക് ശക്തികേന്ദ്രത്തില്‍ ലഭിച്ചത്. മന്ത്രിമാരില്‍ ഭൂരിഭാഗവും പരാജയപ്പെട്ടു.
Related News